തെന്നിന്ത്യൻ സിനിമ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന സിനിമകളിൽ ഒന്നാണ് വിജയ് നായകനായി എത്തുന്ന ലിയോ. വിക്രം എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഈ മാസം 19-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തമിഴ് നാട്ടിൽ സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. കേരളത്തിൽ ഫാൻ ഷോകളുടെ ടിക്കറ്റ് ആരംഭിച്ചിരുന്നു.
ഇന്ന് മുതൽ കേരളത്തിൽ ലിയോ പ്രദർശനതിന് എത്തുന്ന എല്ലാ തിയേറ്ററുകളിലും ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. വെളുപ്പിന് നാല് മണി മുതൽ കേരളത്തിൽ ഷോകൾ വച്ചിട്ടുണ്ട്. രസകരമായ കാര്യം പന്ത്രണ്ട് മണിക്ക് ചില തിയേറ്ററുകളിൽ ബുക്ക് മൈ ഷോ പോലെയുള്ള ബുക്കിംഗ് ആപ്പുകളിൽ ടിക്കറ്റ് ഓപ്പണായി മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ തന്നെ അത് സോൾഡ് ഔട്ടായി. രാവിലെയോടെ കൂടുതൽ തിയേറ്ററുകൾ ബുക്കിംഗ് ഓപ്പണാക്കി.
റിലീസിന് ഇനി നാല് ദിവസം ഇരിക്കെ ഇതുവരെ കേരളത്തിൽ ഇറങ്ങിയ സിനിമകളിൽ പ്രീ സെയിലിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റുപോയ ചിത്രമായി ലിയോ മാറുകയും ചെയ്തു. 3.8 കോടിയാണ് സിനിമ റിലീസിന് മുമ്പ് പ്രീ സെയിലിൽ നേടിയിരിക്കുന്നത്. ഇതിൽ ഫാൻ ഷോകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഫാൻ ഷോകൾ കൂടി കൂട്ടി കഴിഞ്ഞാൽ അഞ്ച് കോടിക്ക് മുകളിൽ ആദ്യ ദിന കളക്ഷൻ റിലീസിന് നാല് ദിവസം മുമ്പായിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആദ്യ ദിനം കളക്ഷൻ നേടുന്ന സിനിമയായി ലിയോ മാറുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കന്നഡ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗമാണ് ഒന്നാമതുള്ളത്. മലയാള ചിത്രമായ ഒടിയനാണ് മൂന്നാമത്. വിജയ് ചിത്രമായ ബീസ്റ്റ് നാലാമതുണ്ട്. ലിയോയിലൂടെ വിജയ് തന്നെ ഒന്നാമത് എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. കേരളത്തിൽ നിന്ന് ആദ്യമായി ആദ്യ ദിനം പത്ത് കോടി നേടുന്ന ചിത്രമാകുമോ ലിയോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.