മാരി സെൽവരാജ് തിരക്കഥ എഴുതി, സംവിധാനം ചെയ്ത തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മിന്നും വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മാമന്നൻ. വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. വടിവേലുവിന്റെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രം ആണ് സിനിമയിൽ പ്രേക്ഷകർ കാണാൻ സാധിച്ചത്. ഫഹദും വില്ലനായി മികച്ച പ്രകടനം കാഴ്ചവച്ചു.
തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിലും മാമന്നൻ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. വ്യക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ആസ്വദിപ്പിക്കുന്ന രീതിയിൽ എടുത്ത് അത് ജനങ്ങളിലേക്ക് എത്തിക്കാൻ മാരിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. മാരി സെൽവരാജിന്റെ മുൻ സിനിമകളും അത്തരത്തിൽ ഉള്ളതായിരുന്നു. അതേസമയം സംവിധായകന് വിജയത്തിന് ഒപ്പം മറ്റൊരു സമ്മാനം കൂടി ലഭിച്ചിരിക്കുകയാണ്.
മാമന്നൻ തിയേറ്ററുകളിൽ വിജയമായത് കണ്ട് നിർമ്മാതാവും അതിലെ പ്രധാന കഥാപാത്രവും ചെയ്ത ഉദയനിധി സ്റ്റാലിൻ മാരി സെൽവരാജിന് മിന്നി കൂപ്പറിന്റെ കൺട്രിമാൻ സമ്മാനിച്ചിരിക്കുകയാണ്. നീല നിറത്തിലെ മിനി കൂപ്പറാണ് മാരി സെൽവരാജിന് സ്റ്റാലിൻ നൽകിയിരിക്കുന്നത്. കാർ മാരിക്ക് സമ്മാനിക്കുന്ന ചിത്രങ്ങൾ ഉദയനിധി സ്റ്റാലിൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.
മാരി സെൽവരാജിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയാണ് ഉദയനിധി സ്റ്റാലിന് മാരിക്ക് സർപ്രൈസ് സമ്മാനം നൽകിയത്. സന്തോഷത്തിൽ മാരി സെൽവരാജ് സ്റ്റാലിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ജൂൺ 29-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ രണ്ട് ദിനങ്ങളിൽ തന്നെ സിനിമ ഇരുപത് കോടിക്ക് അടുത്താണ് നേടിയത്. ശനി, ഞായർ ദിവസങ്ങൾ കൂടി കഴിയുമ്പോൾ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.