തെന്നിന്ത്യയിലെ ബോളിവുഡിലുമായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരസുന്ദരിയാണ് തമന്ന ഭാട്ടിയ. 17 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായി ഇപ്പോൾ മലയാളത്തിലും അഭിനയിച്ചു കഴിഞ്ഞ തമന്നയുടെ ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ. ഇത്രയും വർഷത്തെ അഭിനയ ജീവിതത്തിലും പല ഭാഷകളിലായി നിരവധി സിനിമകളിൽ തമന്ന നായികയായി അഭിനയിച്ചിട്ടുണ്ട്.
ഈ അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ, തമന്ന താൻ അഭിനയിച്ച സിനിമകളിൽ കാണാൻ ആഗ്രഹിക്കാത്ത എന്തെങ്കിലും സിനിമയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ശ്രദ്ധനേടുന്നത്. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു, അല്ലെങ്കിൽ ആ സിനിമ ഇനി കാണുകേയില്ല എന്ന് തോന്നിയ സിനിമയുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
“അങ്ങനെ കുറെ സിനിമകളുണ്ട്. എനിക്ക് ഇഷ്ടമായ ഒരു സിനിമയുണ്ട്. പക്ഷേ അതിലെ ചില സീനുകൾ ഞാൻ വളരെ മോശമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അതിലെ പാട്ടുകൾ വളരെ ഫേമസ് ആണ്. സുറ എന്ന സിനിമയാണ് എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത്. ഞാൻ ഭയങ്കര മോശമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് ആ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴേ അറിയാമായിരുന്നു.
നിരവധി സിനിമകളിൽ എനിക്ക് ഇത് വർക്ക്ഔട്ട് ആവില്ലെന്ന് തോന്നാറുണ്ട്. പക്ഷേ അത് ചെയ്യണ്ട കടമ നമ്മുക്കുണ്ട്. എല്ലാ സിനിമയും ജയവും പരാജയവും ആസ്പദമാക്കിയല്ല, കരാർ ഒപ്പിട്ട് കഴിഞ്ഞാൽ എന്ത് സംഭവിച്ചാലും നമ്മൾ അത് പൂർത്തിയാക്കണം. അതാണ് അഭിനേതാവിന്റെ കടമ. ഒരുപാട് പണം മുടക്കുന്ന ഒരു കലയാണ് സിനിമ. നമ്മുക്ക് അതിന്റെ ഉത്തരവാദിത്തമുണ്ട്..”, തമന്ന തുറന്നുപറഞ്ഞു.