ഏഷ്യാനെറ്റിൽ വാൽക്കണ്ണാടി എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സോനു സതീഷ് കുമാർ. അവതാരകയായി അതിൽ തിളങ്ങിയ സോനുവിനെ പിന്നീട് ടെലിവിഷൻ പരമ്പരകളിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. സൂര്യ ടി.വിയിലെ മാധവമാണ് സോനുവിന്റെ ആദ്യ സീരിയൽ. അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി നിരവധി പരമ്പരകളിൽ അഭിനയിച്ചു.
ശ്രീ ഗുരുവായൂരപ്പൻ, ഹലോ കുട്ടിച്ചാത്തൻ, തുലാഭാരം, അൻബേ വാ, ദോസ്ത്, നിഴൽകണ്ണാടി, കനൽപൂവ്, സ്ത്രീധനം, ഭാര്യ, മഹാറാണി, അഗ്നിസാക്ഷി, അഴക്, സുമംഗലി ഭവ തുടങ്ങിയ സീരിയലുകളിൽ സോനു സതീഷ് അഭിനയിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിന് ശേഷം പല സീരിയലുകളിൽ നിന്നും പിന്മാറിയ സോനു വീണ്ടും അതിശക്തമായി തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സ്ത്രീധനം എന്ന സീരിയലിലെ വില്ലത്തി റോളായ വേണിയാണ് സോനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. അത് കഴിഞ്ഞ് ഭാര്യ സീരിയലിലെ പ്രധാന വേഷവും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തിലെ വളരെ സന്തോഷകരമായ ഒരു മുഹൂർത്തത്തിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ് സോനു.
താനൊരു അമ്മയായെന്നും പെൺകുഞ്ഞിന് ജന്മം നൽകിയെന്നും സോനു ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “മാതൃത്വത്തിന്റെ ആനന്ദം.. ഞങ്ങൾ ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു..”, എന്ന ക്യാപ്ഷനോടെ ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ടിലെ ചിത്രങ്ങളോടൊപ്പം കുറിച്ചു. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്.