ബാലതാരമായും നായികയായും നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് ശാലിനി. ‘എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു സിനിമ ജീവിതത്തിന് തുടക്കം കുറിച്ച ശാലിനി മലയാളത്തിലൂടെ തന്നെയാണ് നായികയായും തുടക്കം കുറിച്ചത്. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവിലാണ് ശാലിനി ആദ്യമായി നായികയായത്.
തമിഴിലും തെലുങ്കിലും കന്നഡയിലും ബാലതാരമായി അഭിനയിച്ചിട്ടുള്ള ശാലിനി നായികയായി മലയാളത്തിലും തമിഴിലും മാത്രമേ അഭിനയിച്ചിട്ടുളളൂ. തമിഴ് നടൻ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി സിനിമ അഭിനയം നിർത്തിയിരുന്നു. പിന്നീട് ശാലിനിയെ സിനിമകളിൽ കണ്ടിട്ടേയില്ല. രണ്ട് കുട്ടികളും താരത്തിനുണ്ട്. ശാലിനിയുടെ അനിയത്തി ശ്യാമിലിയും സിനിമയിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്.
മറ്റ് നടന്മാരെ പോലെ അജിത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരാളല്ല. അജിത്തിനെ പോലെ തന്നെയായിരുന്നു ശാലിനിയും. അതുകൊണ്ട് തന്നെ ആരാധകർ ഏറെ സങ്കടത്തിലായിരുന്നു. അജിത്തിന്റെ പുതിയ സിനിമയുടെയോ, മറ്റ് വിശേഷങ്ങളോ അറിയാൻ ഏറെ പ്രയാസമായിരുന്നു. അജിത് വന്നില്ലെങ്കിലും ഇപ്പോഴിതാ ശാലിനി സോഷ്യൽ മീഡിയയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ തുടക്കം.
അനിയത്തി ശ്യാമിലി ചേച്ചിയെ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു ലക്ഷം ഫോളോവേഴ്സും ശാലിനിക്കുണ്ടായി. അജിത്തിന് ഒപ്പമുള്ള ഫോട്ടോസാണ് ശാലിനി ആദ്യമായി പോസ്റ്റ് ചെയ്തത്. ഇതിൽ തന്നെ ഒന്ന് ഇരുവരും ഒരുമിച്ച് ഫ്രാൻസിലെ ലിയോണിൽ വച്ചെടുത്തയാണ്. എന്തായാലും അജിത് ആരാധകർ ഇരട്ടി സന്തോഷത്തിലാണ്. അജിത്തിന്റെ പുതിയ അപ്ഡേറ്റുകൾ ഇനി ശാലിനിയുടെ ഇൻസ്റ്റാഗ്രാമിലൂടെ ലഭിക്കുമല്ലോ എന്ന സന്തോഷത്തിലാണ് അവർ.