ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ അഞ്ചാം സീസണിന് ഈ കഴിഞ്ഞ ദിവസം പര്യാവസാനം ആയിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ ഈ സീസണിലെ വിജയി സംവിധായകനും നടനുമായ അഖിൽ മാരാർ ആയിരുന്നു. ആദ്യ ദിനം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച അഖിൽ മാരാർ തന്നെ വിജയിയാകുമെന്ന് 50 ദിവസങ്ങൾ പിന്നിട്ടിപ്പോൾ തന്നെ പ്രേക്ഷകർക്ക് ഉറപ്പായിരുന്നു.
കാരണം അഖിലിനെ പോലെ പ്രകടനങ്ങൾ നടത്തിയ മറ്റൊരു മത്സരാർത്ഥി ഉണ്ടായിരുന്നില്ല. ബിഗ് ബോസ് ഷോയ്ക്ക് പറ്റിയ മത്സരാർത്ഥിയായിരുന്നു അഖിൽ. സീരിയൽ നടിയായ റെനീഷ റഹ്മാനെ പിന്തള്ളിയാണ് അഖിൽ ഒന്നാമത് എത്തിയത്. അഞ്ച് പേരായിരുന്നു ഫൈനലിൽ എത്തിയത്. അതിൽ തന്നെ ഷിജു അഞ്ചാം സ്ഥാനവും ശോഭ നാലാം സ്ഥാനവും ജുനൈസ് മൂന്നാം സ്ഥാനവും നേടി ഫൈനലിൽ വിജയിച്ചു.
ഇരുപത്തിയൊന്ന് മത്സരാർത്ഥികൾ ആയിരുന്നു ഈ സീസണിൽ മത്സരിച്ചത്. അഖിലിനെ അഭിനന്ദിച്ച് സിനിമ, സീരിയൽ രംഗത്തെ പലരും പോസ്റ്റുകൾ ഇട്ടിരുന്നു. അഖിലിന് അഭിനന്ദനങ്ങൾ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോഴിതാ മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല വന്നിരിക്കുകയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു അഖിൽ മാരാർ.
“ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ-സാംസ്കാരിക മേഖലയിലും തന്റേതായ വ്യക്തി മുദ്രയോടെ സിനിമ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് വിന്നർ ‘അഖിൽ മാരാർ’ക്ക് അഭിനന്ദനങ്ങൾ..”, രമേശ് ചെന്നിത്തല അഖിൽ മാരാർക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചു. നേതാവിന്റെ പോസ്റ്റിന് താഴെ അണികളുടെ അഭിനന്ദന കമന്റുകൾ വന്നു.