രാജ്യത്തുള്ള സാധാരണക്കാരെ എന്നും നേരിൽ കാണാനും അവരുമായി സംസാരിക്കാനും ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു സാധാരണക്കാരനെ പോലെ തന്നെ ജനങ്ങളുമായി റോഡിലൂടെ നടക്കുന്നതും ചായക്കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും അവരുടെ കൂടെ സമയം ചിലവഴിക്കുന്നതുമൊക്കെ രാഹുൽ ഗാന്ധിയിൽ നിന്ന് ആളുകൾ കാണാറുള്ള കാര്യമാണ്.
ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യ ഒട്ടാകെ സന്ദർശിച്ച് ജനങ്ങളുടെ മനസ്സിൽ കൂടുതൽ പ്രിയങ്കരനായി നിൽക്കുന്ന രാഹുലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെ കൂലി/പോർട്ടർ തൊഴലികളുമായി സംവദിക്കുന്ന ഫോട്ടോസും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
കൂലിയുടെ വേഷവും അവരുടെ ബാഡ്ജും ധരിച്ച് പെട്ടിയും ചുമന്ന് നിൽക്കുന്ന രാഹുൽ ഗാന്ധിയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. അവരുടെ വിഷമങ്ങളും പരാതികളും കേൾക്കാൻ വേണ്ടി കൂടിയാണ് രാഹുൽ ഇത്തരം വേഷത്തിൽ എത്തിയത്. അവരുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു. രാഹുലിനോട് തങ്ങൾക്ക് ലഭിക്കുന്ന കൂലി, ആരോഗ്യ പ്രശ്നങ്ങൾ, സൗകര്യങ്ങളെ കുറിച്ച് തൊഴലാളികൾ സംസാരിച്ചു.
പോർട്ടറുകളുമായി സംസാരിച്ചതിന്റെ വീഡിയോ രാഹുൽ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും. രാഹുലിന്റെ ഈ ചിത്രങ്ങൾ കോൺഗ്രസ് പ്രവർത്തകർ ഒരു നേതാവ് ഇങ്ങനെ ആയിരിക്കണമെന്ന് പറഞ്ഞ് ഏറ്റെടുക്കുമ്പോൾ ബിജെപി ട്രോളുകൾ കൊണ്ടും വിമർശനങ്ങൾ കൊണ്ടും നിറയ്ക്കുകയാണ്. രാഹുൽ കാലിപ്പെട്ടി തലയിൽ വച്ച് നടന്നുവെന്നും വിമർശനവും വീലുള്ള പെട്ടി ഫോട്ടോഷൂട്ടിന് വേണ്ടി തലയിൽ വച്ചുവെന്നും പരിഹസിച്ചു.