സംസ്ഥാന ചിലച്ചിത്ര അവാർഡ് വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമർശവും ഭീമൻ രഘുവിന്റെ മുഖ്യമന്ത്രി സംസാരിച്ചപ്പോഴുള്ള എഴുന്നേറ്റ് നിൽപ്പും ഒരേസമയം വിമർശനങ്ങൾക്കും അതുപോലെ ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്. വിമർശനം കൂടുതലായി അലൻസിയർ വാങ്ങിയപ്പോൾ ഭീമൻ രഘു ട്രോളുകൾ കൂടുതൽ ഏറ്റുവാങ്ങി.
ഭീമൻ രഘുവിന്റെയും അലൻസിയറിനെയും ഒരുപോലെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. ഡിജി ആർട്സ് എന്ന ഡിസൈനറിന്റെ ഡിജിറ്റിൽ ആർട്ട് പങ്കുവച്ചുകൊണ്ടാണ് രചന ഈ കാര്യത്തിലുള്ള തന്റെ പ്രതികരണം അറിയിച്ചത്. നാല് പെൺപ്രതിമകളും നടുക്ക് ഭീമൻ രഘുവിന്റെ നിലപ്പിലുള്ള പ്രതിമയുടെ ഒരു ആർട്ടാണ് കളിയാക്കി കൊണ്ട് ഡിജി ആർട്സ് ചെയ്തിരിക്കുന്നത്.
“എന്തരോട് നല്ല പ്രതിമ അല്ലേ.. അയ്യോ പ്രതിമ അല്ല പ്രതിഭ! ഡിജി ആർട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകൾ.. അലൻസിയർ ലെയ് ലോപ്പസിന് ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ..”, രചന ആ ചിത്രം പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. രചനയുടെ പോസ്റ്റിന് അനുകൂലിച്ച് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. സിനിമ മേഖലയിലുള്ള ഒരാളെങ്കിലും ഇവർക്ക് എതിരെ പ്രതികരിച്ചല്ലോ എന്നാണ് ചോദിക്കുന്നത്.
മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് ഭീമൻ രഘു, ഏകദേശം സംസാരിച്ച് തീരുന്ന 15 മിനിറ്റോളം എഴുന്നേറ്റ് നിൽക്കുകയിരുന്നു. ഇതിനെ പരിഹസിച്ചുള്ള പോസ്റ്റ് മാത്രമായിരുന്നില്ല. ചടങ്ങിൽ അലൻസിയർ ആൺപ്രതിമ വേണമെന്നും പെൺപ്രതിമ തന്ന് പ്രലോഭിക്കരുതെന്നും പറഞ്ഞിരുന്നു. ആ ഒരു സ്ത്രീ വിരുദ്ധമായ പരാമർശത്തെ കൂടിയാണ് രചന നാരായണൻകുട്ടി തന്റെ പോസ്റ്റിലൂടെ വിമർശിച്ചത്.