ബെന്യാമിന്റെ തിരക്കഥയിൽ ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമ സിനിമ ഏറെ വർഷങ്ങൾ നീണ്ട പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ് വർക്കുകൾക്ക് ശേഷമാണ് റിലീസിനായി എത്തുന്നത്. എട്ട് വർഷത്തോളം ബ്ലെസ്സി വേറെയൊരു സിനിമ പോലും സംവിധാനം ചെയ്യാതെയാണ് ആടുജീവിതത്തിന് വേണ്ടി സമയം ചിലവഴിച്ചത്.
അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഒരു നാഷണൽ അവാർഡും ആറ് സംസ്ഥാന അവാർഡും നേടിയിട്ടുള്ള ബ്ലെസ്സി തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് ആടുജീവിതത്തിന് വേണ്ടി ഇത്രയും വർഷം ചിലവഴിച്ചത്. പൃഥ്വിരാജ് എന്ന അഭിനേതാവും സിനിമയ്ക്ക് വേണ്ടിയെടുത്ത കഷ്ടപ്പാടുകൾ ചില്ലറയല്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.
ഫെസ്റ്റിവൽ റിലീസുകൾക്ക് ശേഷം മാത്രമേ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. അത്തരത്തിൽ ഫെസ്റ്റിവൽസിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ ട്രെയിലർ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളിൽ ലീക്കായി വൈറലായി മാറിയിരുന്നു. സിനിമയുടെ ഒരുപാട് വർക്കുകൾ ബാക്കിയിരിക്കെയാണ് ഇത്തരത്തിൽ ഒരു പ്രിവ്യു വീഡിയോ പ്രചരിച്ചത്.
സംഭവം ലീക്കായതോടെ അണിയറ പ്രവർത്തകർക്ക് തന്നെ അതിന്റെ ഒഫീഷ്യൽ വീഡിയോ പുറത്തുവിടേണ്ടി വന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ബ്ലെസിയും പൃഥ്വിരാജ് ഇത്രയും വർഷം ചിലവഴിച്ചതിന് ഫലമുണ്ടായി എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. പൃഥ്വിരാജ് എന്ന നടന്റെ ഇതുവരെ കാണാത്ത പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും.