മലയാള സിനിമയിൽ അഭിനയത്തിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരാളാണ് പാർവതി തിരുവോത്ത്. തന്റെ നിലപാടുകൾ തുറന്ന് പറയുന്ന കാര്യത്തിൽ പാർവതി എന്നും മുന്നിൽ നിന്നിട്ടുള്ള ഒരാളാണ്. ഇപ്പോഴിതാ പാർവതി മുമ്പൊരിക്കൽ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
“എനിക്ക് ഒരു സൂപ്പർസ്റ്റാർ ആവേണ്ട ഒരു ആവശ്യവുമില്ല. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. അത് സമയം പാഴാക്കാനുള്ള ഒരു കാര്യം മാത്രമാണ്. എനിക്ക് അത് മനസ്സിലാവുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് എന്ത് ഗുണം ഉണ്ടായിട്ടുള്ളതെന്ന് എനിക്കറിയില്ല. സൂപ്പർസ്റ്റാർ എന്നത് കൊണ്ട് എന്താണ് അർത്ഥമാകുന്നത് എന്ന് എനിക്കറിയില്ല. മറ്റുള്ളവരിൽ ഉണ്ടാകുന്ന ഇൻഫ്ലുവൻസ് ആണോ അതോ താരാരാധന മൂത്ത് ഭ്രാന്തായ ആളുകൾ ഇടുന്നതാണോ എനിക്കറിയില്ല.
എന്നെയൊരു സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പിയാണ്. ഫഹദ്, ആസിഫ്, റിമ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ മൂന്ന് സൂപ്പർ ആക്ടഴ്സ്. ഇപ്പോൾ എനിക്ക് ഇവരെ കുറിച്ചാണ് തോന്നുന്നത്..”, പാർവതി അഭിമുഖത്തിൽ പറഞ്ഞു. പാർവതി അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി, ഉർവശി, മഞ്ജു തുടങ്ങിയ ആരെയും പറയാതെ ആസിഫിന്റെയും റിമയുടെയും പേരൊക്കെ പറഞ്ഞതാണ് ട്രോളുകൾ വരാൻ കാരണമായത്. എന്നാൽ ഫഹദിന്റെ പേര് പറഞ്ഞത് പലരും അംഗീകരിച്ചിട്ടുമുണ്ട്. താരമൂല്യമുളള നടന്മാരെയാണ് സൂപ്പർസ്റ്റാറുകളായി പ്രേക്ഷകർ വിലയിരുത്തുന്നതെന്നും അതിൽ അസൂയ ഉണ്ടായിട്ടാണ് പാർവതി ഇത്തരത്തിൽ പ്രതികരണങ്ങൾ നടത്തുന്നതെന്നും പലരും വിമർശിച്ചു.