വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് നടി പദ്മപ്രിയ ജാനകിരാമൻ. അരങ്ങേറ്റം തെലുങ്കിൽ ആയിരുന്നെങ്കിലും പദ്മപ്രിയ കൂടുതൽ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലും തമിഴിലുമാണ്. മമ്മൂട്ടിക്ക് ഒപ്പമുള്ള കാഴ്ചയായിരുന്നു പദ്മപ്രിയയുടെ ആദ്യ മലയാള സിനിമ. ജയറാമിന് ഒപ്പമുള്ള അമൃതമായിരുന്നു അടുത്ത സിനിമ.
രാജമാണിക്യം, കറുത്തപക്ഷികൾ, യെസ് യുവർ ഓണർ, പരദേശി, ടൈം കാണ കണ്മണി, പഴശ്ശിരാജ, സീനിയേഴ്സ്, സ്‌നേഹവീട്, കോബ്ര, ബാച്ചലർ പാർട്ടി, പോപ്പിൻസ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഇയോബിന്റെ പുസ്തകം, ടിയാൻ തുടങ്ങിയ സിനിമകളിൽ പദ്മപ്രിയ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് പദ്മപ്രിയ വിട്ടുനിന്നിട്ട് ഏകദേശം അഞ്ച് വർഷത്തോളമായി.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്നൊരു സംഘടനയുടെ തുടക്കകാരിൽ ഒരാളുകൂടിയാണ് പദ്മപ്രിയ. അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് പദ്മപ്രിയ. ഒരു തെക്കൻ തല്ലുകേസ് എന്ന ബിജു മേനോൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയിലൂടെയാണ് പദ്മപ്രിയയുടെ തിരിച്ചുവരവ്.
സെപ്റ്റംബർ എട്ടിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരം ലുലു മാളിൽ അതിൽ അഭിനയിച്ച താരങ്ങളും മറ്റു പ്രധാന അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. പദ്മപ്രിയ മഞ്ഞ നിറത്തിലെ ചുരിദാർ ധരിച്ച് അതിസുന്ദരിയായി തിളങ്ങിയപ്പോൾ റോഷൻ മാത്യു, ബിജു മേനോൻ മറ്റു താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. സാജൻ രമേശാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.