ഹാപ്പി വെഡിങ് എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ കൈയടി നേടിയ സംവിധായകനാണ് ഒമർ ലുലു. യാതൊരു ഹൈപ്പുമില്ലാതെ വന്ന സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി തീർന്നിരുന്നു. പ്രേമത്തിൽ സഹനടന്മാരായി അഭിനയിച്ച താരങ്ങളെ പ്രധാന റോളുകളിൽ അഭിനയിച്ച ചിത്രമായിരുന്നു ഹാപ്പി വെഡിങ്. ക്യാമ്പസ് പശ്ചാത്തലമാക്കി തന്നെയായിരുന്നു ഒമറിന്റെ രണ്ടാമത്തെ സിനിമയും.
മെക്കിൽ പിള്ളേരുടെ കഥ പറഞ്ഞ ചങ്കസ് എന്ന സിനിമയായിരുന്നു അത്. അതും തിയേറ്ററുകളിൽ വിജയമായിരുന്നു. തൊട്ടടുത്ത ചിത്രമായ ഒരു അടാർ ലവ് ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ സിനിമയായി മാറിയിരുന്നു. ധമാക്കയാണ് അവസാനമായി ഇറങ്ങിയത്. തന്റെ പുതിയ ചിത്രമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് ഒമർ ലുലു. ഈ തവണയും ഒരു വെറൈറ്റി തീമുമായിട്ടാണ് ഒമറിന്റെ വരവ്. പതിവ് വിപരീതമായി ഒമർ ലുലുവിന് സെൻസർ ബോർഡിൻറെ എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
അതുപോലെ കോഴിക്കോട് മാളിൽ വച്ച് നടി ഷകീലയെ പ്രധാന അതിഥിയായി എത്തിച്ച് ഗംഭീര ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അവസാന നിമിഷം അത് മാറ്റി. എന്നാൽ ഷകീലയെ കൊണ്ടുവരുന്നതുകൊണ്ടാണ് മാളുക്കാർ അത് അനുവദിക്കാതെ ഇരുന്നതെന്നായിരുന്നു ഒമറിന്റെ ആക്ഷേപം. മാളിന് എതിരെ പരസ്യമായി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷകീലയ്ക്ക് ഒപ്പം വിമർശിക്കുകയും കോഴിക്കോടുള്ളവരോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
വിവാദങ്ങൾക്ക് ഇടയിലും ഒമർ ലുലുവിന്റെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. നല്ല സമയം എന്നാണ് സിനിമയുടെ പേര്. ഇർഷാദ് അലി നായകനാകുന്ന സിനിമയിൽ അഞ്ച് പുതിയ നായികമാരെയാണ് ഒമർ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കർ, നീന മധു, നോറ ജോൺസൺ, സുവൈബൈതുൽ, നന്ദന സഹദേവൻ എന്നിവരാണ് നായികമാരായി അഭിനയിച്ചത്. ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.