പ്രണവ് മോഹൻലാൽ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ഹൃദയം. ഹൃദയം സിനിമ തിയേറ്ററുകളിൽ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഹൃദയം പ്രേക്ഷകർ സ്വീകരിക്കാൻ പ്രധാന കാരണങ്ങളിൽ ഒന്ന് അതിലെ പാട്ടുകളാണ്. സിനിമയിൽ ഏകദേശം ചെറുതും വലുതുമായി 15 ഗാനങ്ങളുണ്ടായിരുന്നു. അതെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്.
ഹിഷാം അബ്ദുൾ വഹാബ് ആയിരുന്നു സിനിമയുടെ സംഗീതം നിർവഹിച്ചത്. ഹിഷാമിനെ മലയാളികൾക്ക് പണ്ട് മുതലേ അറിയുന്ന ഒരാളാണ്. 2007-ൽ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിലെ ഒരു മത്സരാർത്ഥി ആയിരുന്നു ഹിഷാം. അങ്ങനെയാണ് ഹിഷാം മലയാളികൾക്ക് സുപരിചിതനാകുന്നത്. പിന്നീട് സിനിമകളിൽ പിന്നണി ഗായകനാവുകയും അതിന് ശേഷം സംഗീത സംവിധാനത്തിലേക്ക് തിരിയുകയും ചെയ്തു.
സാൾട്ട് മാങ്കോ ട്രീ എന്ന സിനിമയിലാണ് ഹിഷാം ആദ്യമായി സംഗീതം നിർവഹിച്ചത്. ജാസി ഗിഫ്റ്റിന്റെ സംഗീതത്തിലാണ് ഹിഷാം ആദ്യമായി പാടുന്നത്. കുറെ സിനിമകളിൽ സംഗീതം നിർവഹിച്ചെങ്കിലും ഹിഷാമിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. ഒടുവിൽ ഹിഷാമിനെ തേടി വിനീത് ശ്രീനിവാസൻ എത്തുകയും ഹൃദയത്തിലെ ഗാനങ്ങൾ സംഗീതം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
ഹൃദയം ഹിഷാമിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. അന്യഭാഷകളിൽ നിന്ന് വരെ ഹിഷാമിനെ തേടി അവസരങ്ങൾ വരുന്നുണ്ട്. അതിനിടയിൽ ഹിഷാം തന്റെ ജീവിതത്തിലെ ഒരു സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കൊച്ചിയിൽ പുതിയ കമ്പോസിംഗ് സ്റ്റുഡിയോ തുടങ്ങിയതിന്റെ സന്തോഷമാണ് ഹിഷാം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് പുതിയ തുടക്കം ഹിഷാമിനെ വേണ്ടി ഉദ്‌ഘാടനം ചെയ്തത്. “എന്റെ പുതിയ കമ്പോസിംഗ് സ്പേസിലേക്ക് വരാനുള്ള ക്ഷണം ദയയോടെ സ്വീകരിച്ചതിന് പ്രിയപ്പെട്ട മോഹൻലാൽ സാറിന് നന്ദി!! എക്കാലവും നെഞ്ചേറ്റാൻ ഒരു നിമിഷം. എല്ലാം ദൈവാനുഗ്രഹത്താൽ..”, ഹിഷാം മോഹൻലാൽ ഉദ്‌ഘാടനം ചെയ്യുന്ന ചിത്രങ്ങളോടൊപ്പം കുറിച്ചു.