ടെലിവിഷൻ അവതാരകനായും സിനിമ അഭിനേതാവായും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടൻ മിഥുൻ രമേശ്. ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മിഥുൻ, വില്ലനായും സഹനടനായുമൊക്കെ ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി അഭിനയ ജീവിതം തുടരുന്ന ഒരാളാണ് മിഥുൻ.
ടെലിവിഷൻ അവതാരകനായും സജീവമായ മിഥുൻ ദുബൈയിൽ റേഡിയോ ജോക്കിയായി ഇതോടൊപ്പം ജോലി ചെയ്യുന്നുണ്ട്. ഫ്ലാവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായിരുന്നു മിഥുൻ. ഒരു യൂട്യൂബർ ആയും സജീവമായി നിൽക്കുന്ന മിഥുൻ ആരാധകരെ സങ്കടത്തിൽ ആഴ്ത്തി ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റാണ് മിഥുൻ.
“അങ്ങനെ വിജയകരമായി ആശുപത്രിയിൽ കയറി. കഴിഞ്ഞ കുറച്ച് ദിവസത്തെ യാത്രകൾക്ക് ഇടയിൽ നിങ്ങൾക്ക് കാണുന്നുണ്ടോ എന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് ബെൽസ് പാൾസി പിടിപെട്ടിട്ടുണ്ട്. നമ്മുടെ ജസ്റ്റിൻ ബീയററിനൊക്കെ വന്ന അസുഖമാണ്. എനിക്ക് ചിരിക്കുമ്പോൾ ഒരു വശം അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് മാത്രം എപ്പോഴും അടയും, മറ്റേ കണ്ണ് ഒരുപാട് ഫോഴ്സ് കൊടുത്താൽ മാത്രമാണ് അടയുന്നത്.
ഒരു സൈഡ് പർശിയാൽ പാരാലിസിസ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. മാറും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഞാനിപ്പോൾ തിരുവനന്തപുരത്ത് അനന്തപുരി ഹോസ്പിറ്റലിലാണ്..”, മിഥുൻ രമേശ് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ആരാധകരുമായി പങ്കുവച്ചു. നടി ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിനും ഈ അസുഖം ബാധിച്ചിട്ടുണ്ടായിരുന്നു. മിഥുൻ ഒരു ചാനൽ ഷോയുടെ പ്രൊമോ വീഡിയോ ചെയ്തപ്പോഴും ഈ അവസ്ഥ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച് അത് സ്റ്റോറിൽ പോസ്റ്റ് ചെയ്തിരുന്നു.