December 4, 2023

‘എന്റെ സൂപ്പർ ഹീറോ!! പപ്പ തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തു..’ – പങ്കുവച്ച് നടി മെറീന മൈക്കിൾ

സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ കരിയറിന്റെ തുടക്കത്തിൽ ചെയ്‌ത്‌ പിന്നീട് നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മെറീന മൈക്കിൾ. ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് മെറീന കൂടുതൽ സുപരിചിതയാകുന്നതെങ്കിലും അതിന് മുമ്പ് ചില സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങളിൽ മെറീന തിളങ്ങിയിരുന്നു.

തന്റെ അമ്മയൊരു തയ്യൽക്കാരിയായിരുന്നു ഒരു അഭിമുഖത്തിൽ അഭിമാനത്തോടെ മെറീന പങ്കുവച്ചത് ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. മെറീനയുടെ ജീവിതത്തിലെ ഏറെ വേദന നിറഞ്ഞ ഒരു ദിവസത്തിലൂടെയാണ് ഈ കഴിഞ്ഞ ദിവസം കടന്ന് പോയത്. മെറീനയുടെ അച്ഛൻ മൈക്കിൾ കുരിശിങ്കൽ ഈ കഴിഞ്ഞ ദിവസം (സെപ്റ്റംബർ രണ്ടിന്) അന്തരിച്ചിരുന്നു. ഏറെ നാളായി ക്യാൻസറിന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

മരണത്തിന്റെ വേദനയിലും മെറീന ഏറെ അഭിമാനത്തോടെ അച്ഛന്റെ ആ കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. മെറീനയുടെ അച്ഛൻ തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തിരിക്കുകയാണ്. അച്ഛൻ തന്റെ സൂപ്പർ ഹീറോ ആണെന്നും മെറീന പങ്കുവച്ചു. അദ്ദേഹത്തിന്റെ വലിയ നല്ല മനസ്സിനെ അഭിനന്ദിക്കുന്നതിനോടൊപ്പം പ്രണാമം അർപ്പിക്കുകയും ചെയ്തു മലയാളികൾ.

“ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തു.. എനിക്ക് സ്വന്തം ഒരു സൂപ്പർ ഹീറോയെ ലഭിച്ചു, അദ്ദേഹത്തിന്റെ പേര് മൈക്കൽ കുരിശിങ്കൽ..”, മെറീന ശരീര ദാനത്തിന്റെ സർട്ടിഫിക്കറ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് വിദ്യാർത്ഥികളുടെ പഠനത്തിന്റെ വേണ്ടി ഭൗതിക ശരീരം നൽകിയത്.