മലയാള സിനിമയ്ക്ക് ഒരു നഷ്ടം കൂടി സംവിച്ചിരിക്കുന്നു. ഇന്നസെന്റിന് പിന്നാലെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ മാമുക്കോയയും വിട പറഞ്ഞിരിക്കുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാമുക്കോയ ഇന്ന് ഉച്ചയോടെ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു മാമുകോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാമുകോയയെ മാറ്റി. ഹൃദയാഘാതും തലച്ചോറിൽ രക്തസ്രാവും ഉണ്ടാവുകയും ചെയ്തതോടെ ആരോഗ്യ നില വഷളായി.
ഇന്ന് ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. മലയാളത്തിലെ ഹാസ്യ സാമ്രാട്ട് തന്നെയായിരുന്നു മാമുക്കോയ. കോഴിക്കോടൻ ശൈലിയിലൂടെ ഭാഷ തന്നെയാണ് മാമുക്കോയയെ മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയത്. നാട്ട്യങ്ങൾ ഇല്ലാത്ത ഒരു തനി കോഴിക്കോടൻ നാട്ടിൻപുറത്തുകാരനായിരുന്നു മാമുക്കോയ.
സിനിമയ്ക്ക് പുറത്ത് തന്റെ നിലപാടുകളും പറഞ്ഞിട്ടുള്ള മാമുക്കോയ മലയാളികളുടെ പ്രിയങ്കരനായി മാറി. തഗ് അടിക്കുന്ന മാമുക്കോയയെ സിനിമയിൽ മലയാളികൾ കൂടുതലായി കണ്ടിട്ടുളളത്. കോമഡി വേഷങ്ങൾ മാത്രമല്ല, സീരിയസ് റോളുകളിലും മാമുക്കോയ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. അന്യരുടെ ഭൂമിയായിരുന്നു മാമുക്കോയയുടെ ആദ്യ സിനിമ. റിലീസിനായി കാത്തിരിക്കുന്ന സുലേഖ മൻസിലാണ് മാമുക്കോയയുടെ അവസാന ചിത്രം.