December 11, 2023

‘വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടി എടുത്തതാണ് ഉണ്ണി ഈ താര പദവി..’ – പ്രതികരിച്ച് അഭിലാഷ് പിള്ള

വ്ലോ​ഗറുമായുള്ള ഉണ്ണി മുകുന്ദന്റെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ താരത്തിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഉണ്ണിയെ പോലെയൊരു നടനിൽ നിന്ന് മോശം വാക്കുകൾ ഉപയോഗിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. മോഹൻലാലിനെ പോലെയുള്ള താരങ്ങൾ എന്തൊക്കെ വിമർശനങ്ങളാണ് ദിവസവും പലരിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടുളളത് അദ്ദേഹം ഒരിക്കൽ പോലും ഇത്തരത്തിൽ പ്രതികാറില്ല എന്നും പലരും അഭിപ്രായം പറഞ്ഞു.

തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പദപ്രയോഗങ്ങൾക്ക് ഉണ്ണി മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റിടുകയും ചെയ്തിരുന്നു. പക്ഷേ അതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയും ഉണ്ണിക്ക് എതിരെ നിരവധി ട്രോളുകൾ വരികയും ചെയ്തിരുന്നു. അതെ സമയം സായ് എന്ന പേരിലുള്ള വ്ലോ​ഗർ മാളികപ്പുറം സിനിമയ്ക്ക് എതിരെ ഒന്നിലധികം വീഡിയോ ചെയ്തതിൽ ചിലർ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. മനപ്പൂർവം സിനിമയെ തകർക്കാൻ വേണ്ടി ചെയ്തതാണെന്നായിരുന്നു അവരുടെ പ്രതികരണം.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ ന്യായീകരിച്ചുകൊണ്ട് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള രംഗത്ത് വന്നിരിക്കുകയാണ്. സ്വന്തം കുടുംബത്തെയും സ്വന്തംപോലെ കാണുന്ന മാളികപ്പുറം സിനിമയിൽ പ്രവർത്തിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി പ്രതികരിച്ചതെന്നും ആ കൊച്ചുകുട്ടിയെ പോലും മോശമായി പറഞ്ഞത് കേട്ടാൽ ആരായാലും പ്രതികരിച്ചുപോകുമെന്നും അഭിലാഷ് കുറിച്ചു. വർഷങ്ങൾക്ക് ശേഷം ഇത്രയും കുടുംബങ്ങൾ തിയേറ്ററിൽ വരാൻ മാളികപ്പുറം കാരണമായി എന്നും ഇതൊരു മോശ സിനിമയായി ചിലർ ശ്രമിച്ചതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവമെന്നും അഭിലാഷ് എഴുതി.

ഉണ്ണി മുകുന്ദൻ എന്ന നടൻ ഒറ്റ ദിവസംകൊണ്ട് പൊട്ടിമുളച്ചതല്ല എന്നും വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടി എടുത്തതാണ് ഈ താര പദവിയെന്നും അഭിലാഷ് കുറിച്ചു. കൂടെയുള്ളവരെ മോശമായി പറഞ്ഞാൽ ഉണ്ണി പ്രതികരിക്കും, അയാൾക്ക് ബന്ധങ്ങളുടെ വില അറിയാമെന്നും ഇതെല്ലാം മനുഷ്യ സഹചമായ കാര്യമാണെന്നും അഭിലാഷ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 28 ദിവസമായി കാണുന്ന ജനത്തിരക്ക്, അത് ഉണ്ണിയെയും സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അത് നശിപ്പിക്കാൻ നോക്കി സമയം കളയണ്ട എന്നും അഭിലാഷ് പങ്കുവച്ചു.