വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടൻ കുണ്ടറ ജോണി അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഏഴുമണിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തിന്റെ മരണം എട്ട് മണിയോട് സ്ഥിരീകരിച്ചു.
1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് ജോണി മലയാള സിനിമയിലേക്ക് എത്തുന്നത്. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയ ജോണി പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് തിരിയുകയും തന്റേതായ സ്ഥാനം നേടി എടുക്കുകയും ആയിരുന്നു. പൊലീസ് വേഷങ്ങളിലാണ് ജോണി കൂടുതലായി അഭിനയിച്ചിട്ടുള്ളത്. നാല് ഭാഷകളിലായി 300-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കഴുകൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി ശ്രദ്ധനേടുന്നത്. അതിരാത്രം, അരം പ്ലസ് അരം കിന്നരം, അടിവേരുകൾ, കരിമ്പിൻപൂവിനക്കരെ, രാജാവിന്റെ മകൻ, നിന്നിഷ്ടം എന്നിഷ്ടം, ആവനാഴി, പടയണി, അമൃതം ഗമായ, നാടോടിക്കാറ്റ്, ഒരു സിബിഐ ഡയറി കുറിപ്പ്, 1921, കിരീടം, ഒരു വടക്കൻ വീരഗാഥ, ഗോഡ് ഫാദർ, ഇൻസ്പെക്ടർ ബൽറാം, ചെങ്കോൽ, സ്പടികം, ആറാം തമ്പുരാൻ, ക്രൈം ഫയൽ, ഹാലോ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
നാടോടികാറ്റും, ഗോഡ് ഫാദറും കിരീടവും ചെങ്കോലും സ്പടികവും ഒക്കെ കണ്ട ഒരാൾക്ക് പോലും ജോണിയെ അത്രപെട്ടെന്ന് മറക്കാൻ സാധിക്കുകയില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ജോണി മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു. പക്ഷേ ചില ശാരീരിക ബുദ്ധിമുട്ടുകൾ പിന്നീട് അദ്ദേഹത്തെ അലട്ടിയിരുന്നു. ഫാത്തിമ്മ മാതാ കോളേജിലെ ഹിന്ദി അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ.