സിനിമയിൽ അഭിനയിക്കുന്ന നടിമാർ സമൂഹ മാധ്യമങ്ങളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് പോസ്റ്റുകൾക്ക് താഴെ വരാറുള്ള വൃത്തികെട്ടതും മോശവുമായ കമന്റുകളാണ്. അമ്മയും പെങ്ങളുമില്ലാത്തവരെ പോലെ ചിലർ പെരുമാറുന്നത് കാണുമ്പോൾ ചിലപ്പോഴെ താരങ്ങൾ പരിധി വിട്ടു കഴിയുമ്പോൾ പ്രതികരിക്കുകയും ചെയ്യാറുണ്ട്. മലയാളികൾ അത് ആവശ്യമായി പോയിയെന്ന രീതിയിൽ താരങ്ങളെ അഭിനന്ദിക്കാറുമുണ്ട്.
ചിലർ സൈബർ പൊലീസുമായി ബന്ധപ്പെട്ട് അതിന് കേസ് കൊടുക്കുകയും ആളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യാറുണ്ട്. നേരിട്ട് പറയാൻ ധൈര്യമില്ലാതെ, ഫേക്ക് അക്കൗണ്ടുകൾ വഴിയാണ് പലപ്പോഴും ഇത്തരം കമന്റുകൾ വരാറുള്ളത്. കേരളത്തിരുന്നാണ് ആ കമന്റ് ഇടുന്നതെങ്കിൽ സൈബർ പൊലീസുമായി ബന്ധപ്പെട്ടാൽ പെട്ടന്ന് തന്നെ അവരെ പിടികൂടാനും പറ്റാറുണ്ട്.
സിനിമ താരങ്ങളുടെ മക്കൾക്കും ഈ പ്രശ്നം നേരിടേണ്ടി വരുന്ന അവസ്ഥ ഏറെ വേദനാജനകമാണെന്ന് പറയേണ്ടി വരും. മലയാളത്തിലെ പ്രിയനടനായ ജയറാമിന്റെ മകൾ മാളവികയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഇത്തരത്തിൽ ഒരു കമന്റ് വരികയുണ്ടായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാളവികയും സഹോദരനായ കാളിദാസും അച്ഛന്റെ പുറത്തിരുന്ന് ആന കളിക്കുന്ന ഒരു കുട്ടികാല ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
അതിന് താഴെ ഒരു ഫേക്ക് ഐഡിയുള്ള ഒരു വ്യക്തി, “ഈ സെയിം ഡ്രെസ്സിൽ ഈ ഫോട്ടോ റീക്രീറ്റ് ചെയ്തു കണ്ടാൽ കൊള്ളാം..” എന്ന് കമന്റ് ചെയ്തു. കമന്റ് ഈ കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ട മാളവിക അതിന് കലക്കൻ മറുപടി കൊടുക്കുകയും ചെയ്തു. “ഒരു ഫേക്ക് പേരിന് പിന്നിൽ ഒളിച്ചിരുന്ന് ഇത്തരത്തിൽ മോശവും ശല്യപ്പെടുത്തുന്നതുമായ കമന്റ് ഇടുന്നത് എന്ത് എളുപ്പമാണ്.. നിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി എന്റെ മുഖത്ത് നോക്കി പറയാൻ പറ്റുമോ? ഞാൻ വെല്ലുവിളിക്കുന്നു..”, മാളവിക ജയറാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.