സിനിമ, ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമായ ഒരു അഭിനയത്രിയാണ് നടി മാല പപാർവതി. ടൈം, തലപ്പാവ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച മാല അതിന് മുമ്പ് വർഷങ്ങളോളം തിയേറ്റർ ആർട്ടിസ്റ്റായ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ കൂടുതൽ അമ്മ വേഷങ്ങളിലാണ് മാല പാർവതിയെ കൂടുതലായി ഇപ്പോൾ കാണാറുള്ളത്. സാമൂഹിക വിഷയങ്ങളിൽ ഇടപ്പെടാറുള്ള ഒരു താരം കൂടിയാണ് മാല പാർവതി.
ഈ കഴിഞ്ഞ ദിവസം ഫ്ലൈറ്റിൽ യാത്ര ചെയ്തപ്പോൾ കണ്ട ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മാല പാർവതി. “കഴിഞ്ഞ ദിവസം ഒരു വിമാനയാത്രയ്ക്ക് ഇടയിൽ നടന്ന ഒരു സംഭവം മനസ്സിൽനിന്ന് മായുന്നില്ല. പ്രായമായ ഒരു അമ്മയും, അവരുടെ കുടുംബവും ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു. ഫ്ലൈറ്റ് ലാൻഡ് ചെയ്ത ശേഷം, സീറ്റ് ബെൽറ്റ് ഇട് എന്ന് ഒരല്പം ഉച്ചത്തിൽ ഉള്ളയൊരു ശാസന കേട്ടാണ് ഞാൻ നോക്കിയത്.
നൈറ്റിയാണ് വേഷം.. എന്തോ ഒരു സുഖമില്ലായ്മ അവരെ കണ്ടാൽ തോന്നും. അവരുടെ അടുത്തിരുന്ന സ്ത്രീ സമാധാനിപ്പിക്കുന്നുണ്ട്. ഇനി സീറ്റ് ബെൽറ്റ് വേണ്ട.. വീൽചെയർ വരും എന്നൊക്കെ.. പക്ഷേ അവർ വിഷമിക്കുകയാണ്! സീറ്റ് ബെൽറ്റ് ഊരാൻ പാടില്ല, അവര് വന്ന് ഊരി തരും.. ആകുലപ്പെടുകയാണ്! അപ്പോൾ ആ അമ്മയുടെ കൂടെയുള്ള ആൾ അല്പം പുച്ഛത്തിൽ പറഞ്ഞു, “ഉം.. ഇനി പൈലറ്റ് വരും, സീറ്റ് ബെൽറ്റ് ഊരാൻ”.
മകനോ മരുമകനോ ആവും. എനിക്ക് എന്തോ പെട്ടെന്ന് സങ്കടം വന്നു. ആൾടെ ചെറുപ്പമാണ് ഈ കമൻറ് പറയിപ്പിച്ചത്. വാർദ്ധക്യവും ആ സമയത്ത് ബാധിക്കുന്ന പ്രശ്നങ്ങളും ഓർമ്മകുറവും ആർക്കും വരാവുന്നത്. കൂടെയുള്ളവർക്ക് അവരോട് സ്നേഹമായി ഇടപെടാം.. അവർക്ക് വയ്യാങ്ങിട്ടല്ലെ? അവരുടെ ഭയത്തിനോ, ആശങ്കയ്ക്കോ! അടിസ്ഥാനമുണ്ടാവില്ല. പക്ഷേ അവരുടെ ഭയം സത്യമാണ്..”, മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു.