‘സ്ത്രീ തന്നെ ധനം! ഭാര്യ ദിവ്യ എസ് അയ്യർക്ക് ഒപ്പം നിലപാട് വ്യക്തമാക്കി ശബരിനാഥൻ..’ – ഏറ്റെടുത്ത് മലയാളികൾ

സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന സംഭവമാണ് യുവഡോക്ടറായ ഷഹ്നയുടെ സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹ.ത്യ. സുഹൃത്തായ ഡോക്ടറുമായി വിവാഹം ഉറപ്പിക്കുകയും പക്ഷേ സ്ത്രീധനം ചോദിച്ചത് കൊടുക്കാത്തതിന്റെ പേരിൽ കല്യാണത്തിന് പിന്മാറുകയും ചെയ്ത വിഷമത്തിലാണ് ഷഹന സ്വന്തം ജീവൻ ഒടുക്കിയത്. മലയാളക്കര ഞെട്ടലോടെയാണ് ഈ വാർത്ത കേട്ട് സങ്കടത്തിലായത്.

സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരും ഈ സംഭവമായി ബന്ധപ്പെട്ട് പല പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്. പലരും സ്ത്രീധനം വാങ്ങിച്ചു കല്യാണം കഴിക്കുന്നതിന് എതിരെ തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ നിരന്തരമായി നടക്കുകയും ചെയ്യുന്നുണ്ട്. അതും സാക്ഷരതയിൽ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് തന്നെയാണ് ഇത്.

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ് ശബരിനാഥ് ഈ വിഷയമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഭാര്യയും മുൻ പത്തനംതിട്ട കലക്ടറും ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ ദിവ്യ എസ് അയ്യർക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘സ്ത്രീ.ധനം’ എന്ന തലക്കെട്ടോടെയാണ് ശബരിനാഥ് ചിത്രം പോസ്റ്റ് ചെയ്തത്.

ഇതാണ് നിലപാട് എന്നും സമൂഹത്തിന് നല്ല ഒരു സന്ദേശം ആണ് നൽകുന്നതെന്നും ഒക്കെ പിന്തുണച്ചുകൊണ്ട് ശബരിനാഥിന് കമന്റുകളും വന്നിട്ടുണ്ട്. നിമിഷനേരംകൊണ്ട് തന്നെ ശബരിനാഥിന്റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. അന്തരിച്ച മുൻമന്ത്രി ജി കാർത്തികേയന്റെ മകനാണ് ശബരിനാഥ്. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിനാഥ് മത്സരിച്ചെങ്കിലും 5000-ൽ അധികം വോട്ടുകൾക്ക് തോറ്റിരുന്നു.