തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കമൽഹാസൻ നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ് പ്രേക്ഷകരെ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ സിനിമയിലുണ്ട്.
ഇത് കൂടാതെ സർപ്രൈസാക്കി അണിയറപ്രവർത്തകർ വെക്കുകയും അവസാനനിമിഷം പുറത്തുവിട്ട നടിപ്പിൻ നായകൻ സൂര്യയും സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചിട്ടുണ്ട്. സൂര്യയുടെ വേറിട്ട ഗെറ്റപ്പിലാണ് സിനിമയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. അതും വില്ലൻ വേഷത്തിലാണ് സൂര്യ സിനിമയിൽ അഭിനയിക്കുന്നതും അതുപോലെ സിനിമയുടെ അടുത്ത ഭാഗത്തിൽ കിടിലം വേഷമായിരിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
കൈതി എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ കൈതിയുടെ രണ്ടാം ഭാഗത്തിൽ സൂര്യ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. കമൽഹാസന്റെ അതിശക്തമായ തിരിച്ചുവരവാണ് വിക്രത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ എഴുതി തള്ളിയവർക്കുള്ള മറുപടി കൂടിയാണ് ഈ സിനിമ.
എന്തായാലും വിക്രത്തിന്റെ ഈ വിജയം ആഘോഷിക്കുകയാണ് കമൽഹാസൻ. അതും ചെറിയ രീതിയിൽ ഒന്നുമല്ല. സംവിധായകൻ ലോകേഷിന് ഒരു പുതുപുത്തൻ കാർ സമ്മാനിച്ച് കമൽ. 65 ലക്ഷം രൂപയോളം എക്സ് ഷോറൂം വില വരുന്ന ടൊയോട്ടയുടെ ലെക്സസ് ഇ.എസാണ് കമൽ ലോകേഷിന് സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിൽ സമ്മാനിച്ചത്. ഇപ്പോഴിതാ അതിന് പിന്നാലെ വിക്രത്തിൽ അഭിനയിച്ച സൂര്യയ്ക്ക് ഒരു കിടിലം സമ്മാനം നൽകിയിരിക്കുകയാണ്.
സിനിമയിലെ സൂര്യ അവതരിപ്പിച്ച കഥാപാത്രമായ റോളക്സ് എന്നായിരുന്നു. അതെ പേരിലുള്ള ആഡംബര വാച്ച് നിർമ്മാതാക്കളായ റോളെക്സിന്റെ ഒരു കിടിലം വാച്ചാണ് സൂര്യയ്ക്ക് നേരിട്ടെത്തി കമൽഹാസൻ സമ്മാനിച്ചത്. “ഇതുപോലെയൊരു നിമിഷം ജീവിതത്തെ മനോഹരമാക്കുന്നു! നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ..”, സൂര്യ കമൽഹാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.