‘പാതിവഴിയിൽ മടങ്ങിയ ആ നിമിഷത്തിൽ ആണ് ജോജു ചേട്ടൻ എന്നെ കാണാൻ വിളിച്ചത്..’ – സാഗർ സൂര്യ

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മികച്ച മത്സരാർത്ഥികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഷോ 66 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇനി മുപ്പത്തിനാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഫിനാലെയിൽ എത്ര മത്സരാർത്ഥികൾ ഉണ്ടായിരിക്കുമെന്ന് വ്യക്തത ഇതുവരെ വന്നിട്ടില്ലെങ്കിലും ആരായിരിക്കും എത്തുക എന്നത് ചർച്ചകൾ നടക്കുന്നുണ്ട്.

ഇപ്പോൾ 12 മത്സരാർത്ഥികളും അതിഥികളായി എത്തിയ റിയാസും ഫിറോസുമാണ് ബിഗ് ബോസ് വീട്ടിലുളളത്. ഷോയിൽ നിന്ന് ഏറ്റവും അവസാനം പുറത്തായത് നടൻ സാഗർ സൂര്യ ആയിരുന്നു. സാഗർ പുറത്തായത് വളരെ അപ്രതീക്ഷിതമായിരുന്നു. സാഗറിനേക്കാൾ ആക്ടിവ് അല്ലാത്ത മത്സരാർത്ഥികൾ ഇപ്പോഴും ഷോയ്ക്ക് ഉള്ളിലുണ്ടെന്ന് പലരും പുറത്തായ ശേഷം അഭിപ്രായം പങ്കുവച്ചിട്ടുമുണ്ട്.

ഷോയിൽ നിന്ന് പുറത്തായി വന്ന സാഗർ എയർപോർട്ടിൽ പൊട്ടിക്കരയുന്ന വീഡിയോ ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അവസാന ആഴ്ച വരെയുണ്ടാകുമെന്ന് സാഗർ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴിതാ പുറത്തായ സാഗറിനെ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു നടൻ ജോജു ജോർജ്. സാഗറും ജോജുവും നേരിൽ കാണുകയും കെട്ടിപിടിച്ച് നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

“വലിയ പ്രതീക്ഷകളായി മുന്നോട്ടുപോയ വഴികളിൽ പാതി വെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജു ചേട്ടൻ എന്നെ വിളിച്ചതും, കാണണം എന്നുപറഞതും.. ജീവിതത്തിൽ ഒരുപാട് ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജു ചേട്ടൻ സ്വന്തം അനിയനോട് പറയുന്ന പോലെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു..”, സാഗർ ജോജുവിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


Posted

in

by