തെക്കൻ പാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു പ്രധാന കഥാപാത്രമാണ് ‘കള്ളിയങ്കാട്ട് നീലി’ എന്ന അറിയപ്പെടുന്ന യക്ഷി. യക്ഷി ആണെങ്കിലും പഞ്ചവൻകാട്ടിലെ ഒരു ക്ഷേത്രത്തിൽ കുടിയിരുത്തി ആരാധിക്കപ്പെടുന്നുണ്ട്. നീളൻ മുടിയും വിടർന്ന കണ്ണുകളും ആരെയും മയക്കുന്ന വശ്യസൗന്ദര്യവുമുള്ള നീലി പുരുഷന്മാരെ വശീകരിച്ച് മാറുപിളർന്ന് രക്തം ഊറ്റിക്കുടിക്കുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും.
എന്തിന് സിനിമകളിൽ പോലും കള്ളിയങ്കാട്ട് നീലിയുടെ കഥകൾ വന്നിട്ടുണ്ട്. 1979-ൽ കള്ളിയങ്കാട്ട് നീലി എന്ന പേരിൽ തന്നെ ഒരു സിനിമയും ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ പറയാൻ കാരണം, വിദേശികൾ ആഘോഷിക്കാറുള്ള ‘ഹാലോവീൻ’ എന്ന വാർഷികോത്സവം ഇപ്പോൾ കേരളത്തിലും പലയിടങ്ങളിലും ചെറുപ്പക്കാർ ആഘോഷിക്കാറുണ്ട്. ഒക്ടോബർ 31-ന് വൈകുന്നേരമാണ് ഇത് ആഘോഷിക്കുന്നത്.
കുട്ടികളും മുതിർന്നവരും പേടിപ്പെടുന്ന വസ്ത്രങ്ങൾ ധരിച്ച് പൊതു ഇടങ്ങളിൽ നടക്കാറുണ്ട്. കേരളത്തിലും ഇപ്പോൾ കോളേജുകളിലൊക്കെ ഇത് ആഘോഷിക്കാറുണ്ട്. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും ഈ ദിനങ്ങളിൽ ചില ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യാറുണ്ട്. നടൻ കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ഹൻസിക എന്നിവർ ഇതിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധനേടിയത് ഇഷാനിയുടെയാണ്.
നേരത്തെ പറഞ്ഞ ‘കള്ളിയങ്കാട്ട് നീലി’യുടെ ലുക്കിലാണ് ഇഷാനി ഹാലോവീൻ ദിനത്തിൽ തന്റെ ആരാധകർക്ക് വേണ്ടി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അഹാനയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നീലിയെ പോലെ വെള്ള നിറത്തിലെ സാരി ധരിച്ചും കൈയിൽ മുല്ലപ്പൂ കെട്ടിയും പേടിപ്പിക്കുന്ന രീതിയിൽ മേക്കപ്പ് ചെയ്തും ഇഷാനി തിളങ്ങി. ആരാധകരിൽ പലരും ചിത്രങ്ങൾ കണ്ടിട്ട് പേടിച്ചുവെന്നും കമന്റുകൾ ഇട്ടിട്ടുണ്ട്.