ചിങ്ങമാസം ഒന്നാം തിയതി പ്രമാണിച്ച് ശബരിമല നടന്ന കഴിഞ്ഞ ദിവസം തുറന്നിരുന്നു. നിരവധി ഭക്തരാണ് അയ്യനെ കാണാൻ ഈ തവണ ശബരിമലയിൽ എത്തിയത്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്ന്, നായികയായി ധാരാളം സിനിമകളിൽ അഭിനയിച്ച നടി ഗീത കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഗീത ശബരിമലയിൽ ദർശനം നടത്തുന്നത് ആദ്യമായിട്ടാണ്. കന്നി മലയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ചിത്രങ്ങളിൽ പക്ഷേ ഇരുമുടി ഉള്ളതായി കാണുന്നില്ല. ക്ഷേത്ര തന്ത്രി മഹേഷ് മോഹനർ, മേൽശാന്തി കെ ജയരാമൻ പൊറ്റി എന്നിവരെ സന്ദർശിച്ച് പ്രസാദം വാങ്ങിക്കുകയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനെ കുടുംബസമേതം കണ്ട ശേഷമാണ് ഗീത മലയിറങ്ങി മടങ്ങിയത്.
1978-ൽ പുറത്തിറങ്ങിയ ഭൈരവി എന്ന തമിഴ് സിനിമയിലൂടെയാണ് ഗീത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിൽ രജനികാന്തിന്റെ സഹോദരിയായിട്ടാണ് ഗീത അഭിനയിച്ചത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഗീത ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആയിരുന്നു. പിന്നീട് സിനിമയിൽ ശ്രദ്ധ കൊടുത്ത ഗീത തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നായികയായി എൺപതുകളിൽ മാറുകയും ചെയ്തു.
മലയാളത്തിൽ ആദ്യമായി ഗീത അഭിനയിക്കുന്നത് ഗർജനം എന്ന സിനിമയിലാണ്. 1986-ലെ പഞ്ചാഗ്നി എന്ന സിനിമയാണ് മലയാളത്തിൽ ഗീതയ്ക്ക് ശ്രദ്ധനേടി കൊടുത്തത്. അതിൽ മോഹൻലാലിൻറെ നായികയായിട്ടാണ് അഭിനയിച്ചത്. സുഖമോ ദേവി, ആവനാഴി, ഒരു വടക്കൻ വീരഗാഥ, നായർ സാബ്, ലാൽ സലാം, അഭിമന്യു, ഇൻസ്പെക്ടർ ബൽറാം, ഉപ്പുകണ്ടം ബ്രതെഴ്സ്, ഏകലവ്യൻ തുടങ്ങിയ നിരവധി സിനിമകളിൽ ഗീത അഭിനയിച്ചിട്ടുണ്ട്.