‘രാത്സസൻ’ എന്ന തമിഴ് ത്രില്ലർ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടൻ വിഷ്ണു വിശാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ എഫ്.ഐ.ആറിന്റെ ട്രെയിലർ പുറത്തിറങ്ങി. മനു ആനന്ദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരായി അഭിനയിക്കുന്നത് മലയാളികൾ കൂടിയായ റേബ മോണിക്കയും മഞ്ജിമ മോഹനുമാണ്. ഇത് കൂടാതെ സിനിമയിൽ മലയാളികളായി വേറെയും താരങ്ങൾ അഭിനയിക്കുന്നുണ്ട്.
സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, മാല പാർവതി ടി, ഗൗരവ് നാരായണൻ, റൈസ വിൽസൺ എന്നിവരും സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഷൂട്ടിങ് ഏകദേശം പൂർത്തിയായ സിനിമ റിലീസ് ചെയ്യുന്നത് ഒരു വർഷത്തിന് ഇപ്പുറമാണ്. ഫെബ്രുവരി 11-ന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.
ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രത്തെയാണ് വിഷ്ണു വിശാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. തീ.വ്രവാദം ആസ്പദമാക്കിയ കഥയാണ് എന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. തീവ്ര.വാദിയെന്ന എന്ന് മുദ്രകുത്തപ്പെട്ട വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രം അതിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതാണ് സിനിമ സൂചനകൾ നൽകുന്നത്.
തമിഴിലും തെലുങ്കിലും സിനിമ ഇറങ്ങുന്നുണ്ട്. രാത്സസൻ കേരളത്തിൽ വലിയ ഹിറ്റായതുകൊണ്ട് തന്നെ ഈ ചിത്രവും കേരളത്തിൽ റിലീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. വി.വി സ്റ്റുഡിയോസിന്റെ ബാനറിൽ ശുഭ്രയും ആര്യൻ രമേശും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം അശ്വത്, എഡിറ്റിംഗ് പ്രസന്ന ജി.കെയുമാണ് ചെയ്തിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് വിതരണം.