December 4, 2023

‘വെറും നിലത്തിരുന്ന് അവൾ ചോറൂണും, അത് കാണുമ്പോൾ സങ്കടം വരും..’ – നൂറിനെ പിന്തുണച്ച് യുവ സംവിധായകൻ

പുതിയ സിനിമയുടെ പ്രൊമോഷൻ പങ്കെടുത്തില്ലെന്ന് പറഞ്ഞ് നടി നൂറിൻ ഷെരീഫിന് എതിരെ നിർമ്മാതാവ് വളരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിന്റെ വാർത്തകൾ ഇന്ന് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. പത്ത് രൂപ വാങ്ങിച്ചാൽ രണ്ട് രൂപയുടെ ആത്മാർത്ഥത എങ്കിലും കാണിക്കാമായിരുന്നു എന്നാണ് നൂറിനെ പരിഹസിച്ചുകൊണ്ട് സാന്റാ ക്രൂസ് എന്ന സിനിമയുടെ നിർമ്മാതാവ് പത്രസമ്മേളനത്തിൽ പറഞ്ഞത്.

വാർത്ത സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചതോടെ നൂറിന് എതിരെ വളരെ രൂക്ഷമായ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ നൂറിനെ അനുകൂലിച്ചുകൊണ്ട് ഇപ്പോൾ യുവസംവിധായകനായ പ്രവീൺ രാജ് പൂക്കാടൻ എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നൂറിന് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം പ്രവീൺ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. യൂണിവേഴ്സിറ്റി എക്സാം നടക്കുന്ന ദിവസം റിലീസിന്റെ ഫസ്റ്റ് ഷോയ്ക്ക് വരണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് പ്രവീൺ ചോദിക്കുന്നു.

നൂറിൻ ഷെരീഫ് എന്ന തന്റെ നായികയെ കുറിച്ച് രാവിലെ മുതൽ പ്രചരിക്കുന്ന കാര്യത്തെ കുറിച്ചുളള ആശങ്ക പങ്കുവച്ചുകൊണ്ടാണ് പ്രവീൺ കുറിപ്പ് തുടങ്ങിയത്. സിനിമ നന്നായാൽ ആളുകൾ വരുമെന്നാണ് തന്റെയൊരു കാഴ്ചപ്പാടെന്ന് പ്രവീൺ കുറിച്ചു. നമ്മളുടെ കുറ്റങ്ങൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നത് അത് രസകരമായ തലക്കെട്ടുകളോട് മാധ്യമങ്ങളിൽ വരുന്നത് വ്യക്തിഹത്യയാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമ്മാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്നതാണ് ഇത്.

തന്റെ കുഞ്ഞ് സിനിമയിൽ വളരെ ഒത്തൊരുമയോടെ പോയ ഒരു മിടുക്കിയാണ് നൂറിനെന്നും 50 രൂപയുടെ സിനിമ ബിരിയാണിയും അച്ചാറും പിടിച്ച് നിലത്തിരുന്ന് കഴിക്കുന്ന നൂറിനെ കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ടെന്ന് കുറിപ്പിൽ പ്രവീൺ കുറിച്ചിട്ടുണ്ട്. രാവിലെ മൂത്തൽ വാട്സാപ്പിൽ കൊണ്ട് തള്ളുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. ശക്തൻ ബസ് സ്റ്റാൻഡ് അവിടെയുള്ള കുടുംബശ്രീ ചേച്ചി മാർക്കൊപ്പം വൃത്തിയാക്കുന്ന നൂറിനെ കണ്ട് കിളി പോയിട്ടുണ്ടെന്നും ഒരു കാര്യം ചെയ്യുമ്പോൾ അത് വളരെ ആത്മാർത്ഥതയോടെ ചെയ്യണമെന്നുള്ള വളരെ ബോൾഡ് ആയിട്ടുള്ള ഒരാളാണ് നൂറിൻ.

ഇപ്പോൾ ഈ കേൾക്കുന്നതിലും പറയുന്നതിലും ഒരു ആയുസ്സും ഇല്ലെന്നും നമ്മുക്ക് അറിയാവുന്ന ഒരാളെ കുറിച്ച് രണ്ട് രൂപയുടെ ഇത്തരം വാർത്ത വരുമ്പോൾ ബുദ്ധിമുട്ടുണ്ടെന്നും പ്രവീൺ കുറിക്കുന്നു. തന്റെ സിനിമയുടെ കാര്യത്തിൽ ആണെങ്കിലും അത് വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും കുറിച്ചുകൊണ്ടാണ് പ്രവീൺ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. നൂറിൻ-പ്രൊഡ്യൂസർ വിഷയം കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.