പ്രശസ്ത തെന്നിന്ത്യൻ നടൻ വിക്രമിനെ ഇന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതെന്ന് വാർത്ത പ്രേക്ഷകരെയും ആരാധകരെയും ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതെന്ന് ചില മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമത്തിലും വാർത്തകൾ വന്നിരുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് യാതൊരു റിപ്പോർട്ടുകളും വന്നിരുന്നില്ല.
ഇപ്പോഴിതാ വിക്രമിന്റെ മകനും നടനുമായ ധ്രുവ് തന്നെ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ധ്രുവ് ഈ കാര്യം ആരാധാകരെ അറിയിച്ചത്. “പ്രിയ ആരാധകരും അഭ്യുദയകാംക്ഷികളും അറിയാൻ, അപ്പയ്ക്ക് നേരിയ തോതിൽ നെഞ്ചുവേദന ഉണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ചില വാർത്തകളിൽ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്ന് പറയുന്നു.. അത് തീർത്തും വ്യാജമാണ്.
ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ കേൾക്കുന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്.. പറഞ്ഞുവരുന്നത്, ഈ സമയത്ത് ഞങ്ങൾക്ക് ആവശ്യമായ സ്വകാര്യത അദ്ദേഹത്തിനും കുടുംബത്തിനും നൽകണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ചിയാൻ ഇപ്പോൾ സുഖമായിരിക്കുന്നു. ഒരു ദിവസത്തിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകാൻ സാധ്യതയുണ്ട്. ഈ പ്രസ്താവന വ്യക്തത നൽകുകയും തെറ്റായ കിംവദന്തികൾ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു..”, ധ്രുവ് കുറിച്ചു.
ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചിയാൻ വിക്രത്തെ അഡ്മിറ്റ് ചെയ്തത്. പല വാർത്തകൾ വന്നപ്പോഴും അദ്ദേഹത്തിന്റെ ആരാധകർ വേഗം സുഖം പ്രാപിക്കാൻ വേണ്ടി ആശംസകൾ നേരുകയും ചെയ്തിരുന്നു. എന്തായാലും പേടിക്കേണ്ടത് പോലെ ഒന്നും തന്നെയില്ലന്ന് ഇപ്പോൾ മകൻ തന്നെ പറഞ്ഞിരിക്കുകയാണ്. പൂർണാരോഗ്യവാനായി തിരിച്ചുവരാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ.