ദി ഗംബ്ലർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഡയാന ഹമീദ്. അതിന് ശേഷം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഡയാന. അവതാരകയായും തിളങ്ങിയിട്ടുള്ള ഡയാന ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അതിന് ശേഷം ഡയാനയ്ക്ക് ഒരുപാട് സിനിമകളിൽ അവസരം ലഭിച്ചിരുന്നു. സ്റ്റാർ മാജിക്കിലെ നിറസാന്നിദ്ധ്യമായിരുന്നു ഡയാന.
അയ്യർ കണ്ട ദുബായ് എന്ന സിനിമയാണ് ഡയാനയുടെ അവസാനം പുറത്തിറങ്ങിയത്. അമൃത ടിവിയിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് ഡയാന. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഡയാന വുമൺസ് ഡേ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ വന്ന ഒരു വിമർശന കമന്റിന് എതിരെ പ്രതികരിച്ചിരിക്കുന്നതാണ് കൈയടി നേടിയിരിക്കുന്നത്.
പർദ്ദ ധരിച്ച് സുഹൃത്തിനും അതുപോലെ ഉമ്മയുടെയും ഫോട്ടോ പങ്കുവച്ചതിന് താഴെയാണ് ഒരാൾ മോശം കമന്റ് ഇട്ടത്. “അന്താരാഷ്ട്ര വനിതാ ദിനത്തിൽ, എന്റെ ജീവിതത്തിലെ വിലപ്പെട്ട രണ്ടു വനിതകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ഒന്ന് എന്റെ “ഉമ്മന്ന”, ഉമ്മയുടെ ഉമ്മ ഷെരീഫാ ബീവി. രണ്ടു എന്റെ പ്രിയപ്പെട്ട സുഹൃത്തും കലാകാരിയുമായ ആതിര മാധവ്..”, ഇതായിരുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഡയാന ഹമീദ് കുറിച്ചത്.
ഇതിന് താഴെയാണ് ഷാഫി റഹ്മാൻ എന്നയാൾ മോശമായി കമന്റ് ഇട്ടത്. “വനിതാ ദിനത്തിൽ എങ്കിലും ഒരു മുസ്ലിം സ്ത്രീകളുടെ വേഷത്തിൽ കാണാൻ പറ്റിയല്ലോ.. സത്യം പറഞ്ഞാൽ മുസ്ലിം സമുദായത്തിൽ വനിതാ ദിനം എന്നൊരു പരിപാടി ഇല്ല താനും.. പർദ്ദ കടം വാങ്ങിയതാണോ ഇന്നെത്തെ പോസ്റ്റ് ഇടാൻ.. സദാചാര ആങ്ങള അല്ല..”, ഇതായിരുന്നു ഷാഫി റഹ്മാൻ എന്നയാളുടെ കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട താരം അതിന് മറുപടി കൊടുത്തു.
“ഇസ്ലാമിൽ വനിതാ ദിനം ഉള്ളത് കൊണ്ടോ ഇല്ലാത്തതു കൊണ്ടോ അല്ല ഞാൻ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. നിങ്ങളെ തൃപ്തിപ്പെടുത്താനും അല്ല സഹോദര..”, ഇതായിരുന്നു ഡയാനയുടെ പ്രതികരണം. ഡയാനയുടെ ഈ മറുപടിയെ അനുകൂലിച്ച് നിരവധി പേരാണ് പ്രതികരിച്ചത്. വേറെയും ചില കമന്റുകൾക്ക് ഡയാന മറുപടി കൊടുത്തിട്ടുണ്ട്. ഡയാന യഥാർത്ഥ മുസ്ലിം അല്ല എന്നൊരാൾ കമന്റ് ഇട്ടു, ഇതിന് “യഥാർത്ഥ മുസ്ലിമായിട്ട് നിങ്ങളൊക്കെ ഉണ്ടല്ലോ.. അത് തന്നെ ധാരാളം” എന്നാണ് പ്രതികരിച്ചത്.