പൃഥ്വിരാജ് നായകനായ ചക്രം എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ചന്ദ്രലക്ഷമൺ. തമിഴ് സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് മലയാളത്തിൽ പൃഥ്വിരാജിന്റെ തന്നെ മറ്റൊരു സിനിമയിലും നായികയായി അഭിനയിച്ച ശേഷമാണ് ചന്ദ ചക്രത്തിലേക്ക് എത്തുന്നത്. ചക്രമാണ് പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്.
പിന്നീട് കുറച്ച് സിനിമകളിൽ അഭിനയിച്ച ചന്ദ്ര സീരിയലിലേക്ക് പതിയെ തിരിഞ്ഞു. ഇതിനിടയിലും ആളുകൾ താരം വിവാഹം കഴിക്കാത്തത് എന്താണെന്ന് ചോദിക്കാറുണ്ടായിരുന്നു. ഒടുവിൽ ഈ കഴിഞ്ഞ വർഷം സീരിയൽ നടനായ ടോഷ് ക്രിസ്റ്റിയുമായി ചന്ദ്ര ലക്ഷ്മൺ വിവാഹിതയായി. വിവാഹം കഴിഞ്ഞ് അതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് ഈ താര ദമ്പതികൾ.
ഒക്ടോബർ ഇരുപത്തിനാണ് ടോഷിനും ചന്ദ്രയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന വാർത്ത ഇരുവരും പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒന്നാം വിവാഹ വാർഷികം വന്നെത്തിയിരിക്കുന്നത്. “ദൈവ അനുഗ്രഹം, മാതാപിതാക്കളുടെ അനുഗ്രഹം, കൂടെപ്പിറപ്പുകളുടെ കരുതല്‍. നിങ്ങള്‍ തന്ന സ്നേഹം. എന്റെ ജീവന്റെ പാതിയായി “ചന്തു” വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം.. ലവ് യു ചന്ദു..”, ടോഷ് വിവാഹ ദിനത്തിലെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
“ഈ മനുഷ്യൻ- എന്റെ സ്ഥിരം, എന്റെ വിശ്വസ്തൻ, എന്റെ കൂട്ടുകാരൻ, ഞാൻ അവനോടൊപ്പം ചെലവഴിച്ച ദിവസങ്ങൾ, ഒരു ആഘോഷം.. ഞങ്ങൾ വിവാഹിതരായിട്ട് ഒരു വർഷം! ഇന്ന് നിങ്ങളുടെ സന്തോഷത്തിന്റെ ചെറിയ ഭാണ്ഡം കൈയിലെടുക്കാൻ കഴിഞ്ഞതിൽ അതിയായ ഭാഗ്യം.. ഹാപ്പി ആനിവേഴ്സറി ഭർത്താവേ..”, ചന്ദ്ര ലക്ഷ്മണും ഭർത്താവിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും കമ്മന്റുകളിട്ടുണ്ട്.