2020-ൽ നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്‌ത് പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു കപ്പേള. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ഇത്. അന്നയുടെ മികച്ച പ്രകടനമായിരുന്നു സിനിമയിൽ കാണാൻ സാധിച്ചത്. സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും അന്നയ്ക്ക് ലഭിച്ചിരുന്നു.
സിനിമയുടെ തെലുങ്ക് റീമേക്ക് ഷൂട്ട് പൂർത്തിയായി റിലീസിനായി ഒരുങ്ങുകയാണ്. മലയാളത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രം അവിടെ തെലുങ്കിൽ എത്തുമ്പോൾ ചെയ്യുന്നത് മലയാളിയായ അനിഖ സുരേന്ദ്രൻ തന്നെയാണെന്നത് ഏറെ സന്തോഷിക്കാൻ പറ്റുന്ന ഒരു കാര്യമാണ്. അതുപോലെ തമിഴിൽ ശബ്ദം കൊണ്ട് ആരാധകരെ നേടിയിട്ടുള്ള അർജുൻ ദാസും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ബുട്ട ബൊമ്മ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കഥയിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാണ് സിനിമ ഇറങ്ങാൻ പോകുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നു. സൂര്യ വാശിഷ്ട, നവ്യ സ്വാമി എന്നിവരാണ് മറ്റ് പ്രധാന റോളുകൾ ചെയ്യുന്നത്. മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാര്യം കൂടി ചിത്രത്തിലുണ്ട്.
ഇതിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സിനിമയുടെ ട്രെയിലറിലെ തന്നെ അനിഖയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തെലുങ്കിലും ആ കഥാപാത്രത്തിന് അവാർഡ് നേടാൻ സാധിക്കുമോ എന്നും പ്രേക്ഷകർക്ക് കണ്ടറിയാം. ഫെബ്രുവരി നാലിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഷൗരീ ചന്ദ്രശേഖർ ടി രമേശാണ് സംവിധാനം ചെയ്തിരിക്കുന്നത്.