മലയാള സിനിമയുടെ അമ്മയായി പ്രേക്ഷകർ വിശേഷിപ്പിക്കുന്ന അഭിനയത്രിയാണ് നടി കവിയൂർ പൊന്നമ്മ. 65 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞ് നിന്ന കവിയൂർ പൊന്നമ്മ നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയായുമൊക്കെ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ പാവം അമ്മ മാരുടെ റോള് നോക്കിയാൽ അത് ഏറ്റവും കൂടുതൽ ചെയ്തിട്ടുണ്ടാവുക കവിയൂർ പൊന്നമ്മ ആയിരിക്കും.
എഴുപത്തിയെട്ടുകാരിയായ കവിയൂർ പൊന്നമ്മ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ പൊന്നമ്മയ്ക്കുണ്ട്. 2021-ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിൽ നെടുമുടി വേണുവിന് ഒപ്പമാണ് കവിയൂർ പൊന്നമ്മ അവസാനമായി അഭിനയിച്ചത്. ഇനി സിനിമയിൽ അഭിനയിക്കുമോ എന്നത് സംശയമാണ്. പ്രായമായതുകൊണ്ട് തന്നെ അഭിനയ ജീവിതത്തിന് പൊന്നമ്മ തിരശീല ഇട്ടിരിക്കുകയാണ്.
ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെ വീട്ടിൽ എത്തി കണ്ടതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. നടൻ ജഗദീഷും ബൈജുവിന് ഒപ്പം ഉണ്ടായിരുന്നു. ഇരുവരും പൊന്നമ്മയ്ക്ക് ഒപ്പമിരിക്കുന്ന ഫോട്ടോ പങ്കുവച്ചു ബൈജു. പൊന്നമ്മയുടെ ഭർത്താവ് 2011-ൽ അന്തരിച്ചിരുന്നു. ഏകമകൾ ബിന്ദു വിവാഹിതയായ ശേഷം അമേരിക്കയിലാണ് താമസിക്കുന്നത്.
അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ കവിയൂർ പൊന്നമ്മയെ ബന്ധുക്കളോ കുടുംബാംഗങ്ങളോ നോക്കാൻ ഇല്ലായെന്ന രീതിയിൽ വാർത്ത വന്നിരുന്നു. ഇതിന് എതിരെ പൊന്നമ്മ തന്നെ പ്രതികരിച്ചു. തന്റെ ഇളയസഹോദരന്റെ കുടുംബത്തിന് ഒപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നായിരുന്നു പൊന്നമ്മയുടെ പ്രതികരണം. ഒരു പണിയുമില്ലാതെ കുറെ ആളുകളാണ് ഇത്തരം വാർത്തകൾ കൊടുക്കുന്നതെന്നും പൊന്നമ്മ പറഞ്ഞിരുന്നു.