കഥ തുടരുന്നു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും മംത മോഹൻദാസും വീണ്ടും ജോഡികളായി എത്തുന്ന ചിത്രമാണ് മഹേഷും മാരുതിയും. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി നായകനായ സിനിമയ്ക്ക് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കാത്തിരിപ്പിന് ഒടുവിൽ സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.
എൺപതുകളിലെ ഒരു മാരുതി കാറിനെയും ഗൗരി എന്ന പെൺകുട്ടിയെയും ഒരുപോലെ പ്രണയിക്കുന്ന ഒരു മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് മഹേഷും മാരുതിയും. ടീസറും ആദ്യ ഗാനവും കണ്ടാൽ ആസിഫിന്റെ ഒരു ഫീൽ ഗുഡ് റൊമാന്റിക് സിനിമയാകുമെന്ന് ഉറപ്പാണ്. ഫീൽ ഗുഡ് സിനിമകളുടെ നായകനായ ആസിഫ് വീണ്ടും ഇതിലൂടെ ഹിറ്റ് അടിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
രസകരവും ഹൃദ്യവുമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർറ്റൈനർ ആയിരിക്കുമെന്ന് ചിത്രത്തിന്റെ ടീസർ സൂചിപ്പിക്കുന്നു. ഓരോ സിനിമ കഴിയുംതോറുമുള്ള ആസിഫിന്റെ പ്രകടനവും പ്രേക്ഷകർക്ക് സിനിമ കാത്തിരിക്കാൻ ഒരു കാരണമാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെയും വി.എസ്.എൽ ഫിലിം ഹൗസിന്റെയും ബാനറിൽ മണിയൻപിള്ള രാജുവാണ് നിർമ്മിച്ചിരിക്കുന്നത്.
മണിയൻപിള്ള രാജു, വിജയ് ബാബു, ഇടവേള ബാബു, കുഞ്ചൻ, കൃഷ്ണപ്രസാദ്, ഡോ റോണി രാജ്, വിജയ് നെല്ലീസ്, ശിവ പ്രശാന്ത് അലക്സാണ്ടർ, ദിവ്യ തുടങ്ങിയ താരങ്ങൾ മഹേഷും മാരുതിയിലും അഭിനയിച്ചിട്ടുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാറാണ് സംഗീതം പകര്‍ന്നിരിക്കുന്നു. ആദ്യ ഗാനത്തിന് പിന്നാലെ ടീസറും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. കൂമനായിരുന്നു ആസിഫിന്റെ അവസാന ചിത്രം.