ബിഗ് ബോസ് എന്ന ഗെയിം ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയതും റോബിൻ എന്ന മത്സരാർത്ഥി ആയിരുന്നു. ഒരുപക്ഷേ പുറത്താക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഷോയിൽ വിജയിയായി മാറുന്നതും റോബിൻ ആയിരുന്നേനെ! സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിനാണ് റോബിൻ പുറത്തായത്.
റോബിൻ ഇറങ്ങിയ ശേഷം ഷോയിൽ വലിയ രീതിയിൽ കാഴ്ചക്കാരുടെ ഇടിവും ഉണ്ടായിരുന്നു. റോബിന്റെ ആരാധകരാണ് ദിൽഷയെ വിജയിയാക്കിയത് എന്നും ആരോപണം ഉയർന്നിരുന്നു. റോബിനും ദിൽഷയും തമ്മിൽ വിവാഹിതരാകുമെന്ന് കരുതിയ ആരാധകരെ വിഷമത്തിലാക്കി ഇരുവരും പുറത്തിറങ്ങിയ ശേഷം പിരിയുകയും ചെയ്തിരുന്നു. അപ്പോൾ റോബിന്റെ ആരാധകർ ദിൽഷയ്ക്ക് എതിരെയും തിരിഞ്ഞിരുന്നു.
പിന്നീടാണ് റോബിനും ഫാഷൻ ഡിസൈനറായ ആരതി പൊടിയും തമ്മിൽ പ്രണയത്തിലാവുന്നത്. ‘പൊടിറോബ്’ എന്നാണ് ഈ ജോഡികളെ ആരാധകർ വിളിക്കുന്നത്. ഇരുവരും അടുത്ത വർഷം ആദ്യം വിവാഹിതരാകുമെന്നും പങ്കുവച്ചിരുന്നു. റോബിനും ആരതിയും തമ്മിലുള്ള വീഡിയോസും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവാറുണ്ട്. റോബിന്റെ ജന്മദിനമാണ് ഇന്ന്. റോബിന്റെ ജന്മദിനത്തിൽ കാമുകിയായ ആരതി ഇട്ട പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
“ജന്മദിനാശംസകൾ, എന്റെ എക്കാലത്തെയും പ്രണയമേ, ഈ പ്രപഞ്ചത്തിലും എന്റെ ജീവിതത്തിലും നിന്റെ സ്തിത്വത്തിന് ഞാൻ ഏറ്റവും നന്ദിയുള്ളവനാണ്. നീ ജനിച്ച ദിവസം എന്റെ സ്വന്തം അമ്മയുടെ വയറ്റിൽ ഞാൻ ഒരു പാർട്ടി നടത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെ എന്റെ നക്ഷത്രങ്ങൾ നിന്റേതുമായി ശരിയായി യോജിച്ചപ്പോഴായിരിക്കണം..”, ആരതി കുറിച്ചു. റോബിൻ ആശംസകൾ നേർന്ന് ധാരാളം ആരാധകരാണ് ആരതിയുടെ പോസ്റ്റിൽ കമന്റുകൾ ഇട്ടിരിക്കുന്നത്.