November 29, 2023

‘നിങ്ങൾക്ക് എതിരായ തെളിവുകൾ എന്റെ പക്കലുണ്ട്..’ – ശാലു പേയാടിന് എതിരെ പൊലീസിൽ പരാതി നൽകി ആരതി പൊടി

മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണന് എതിരെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് പ്രതികരണം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഫോട്ടോഗ്രാഫറായ ശാലു പേയാട്. തന്റെ സിനിമ ബന്ധങ്ങൾ ഉപയോഗിച്ച് റോബിൻ തെറ്റായ രീതിയിലുള്ള ചില അവകാശ വാദങ്ങൾ സൃഷ്ടിച്ചെന്നും ഊതിവീർപ്പിച്ച് ബലൂൺ പോലെയാണ് അതൊക്കെ എന്നും ശാലു പറഞ്ഞിരുന്നു.

ആരോപണങ്ങൾക്ക് എതിരെ ഇതുവരെ റോബിൻ പ്രതികരിച്ചിരുന്നില്ല. ശാലുവും റോബിനും ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം അടുത്ത സുഹൃത്തുക്കളായിരുന്നു. ശാലു വഴിയാണ് റോബിൻ ടോവിനോ തോമസ്, പ്രിയദർശൻ, ദിലീപ് എന്നിവരെ ആദ്യമായി കാണുന്നത്. ഇവരെ കണ്ട അതെ ദിവസം ഇവരുടെ അടുത്ത സിനിമകളിൽ റോബിനാണ് നായകനും വില്ലനും എന്നൊക്കെ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് ആയിരുന്നു ശാലുവിന്റെ ആരോപണം.

ഇപ്പോഴിതാ ശാലുവിനെ എതിരെ പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് റോബിന്റെ പ്രതിശ്രുത വധുവും കോസ്റ്റിയൂം ഡിസൈനറുമായ ആരതി പൊടി. ശാലു പേയാടിന് എതിരെ കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുന്നതിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഈ കാര്യം ആരതി അറിയിച്ചത്. “വ്യാജ ആരോപണങ്ങൾക്ക് നിയമപരമായ അവസാനമുണ്ടാകുമെന്ന് ഇത് സൃഷ്ടിച്ചവർ ചിന്തിക്കണം. എന്റെ പുതിയ സിനിമയുടെ റിലീസ് വരാനിരിക്കുന്നത് കൊണ്ടായിരുന്നു ഇതുവരെ പ്രതികരിക്കാതെ ഇരുന്നത്.

കാര്യങ്ങൾ ഇപ്പോൾ എന്റെ ക്ഷമയുടെ അപ്പുറത്ത് എത്തിയിരിക്കുന്നു, ശാലു പേയാട് എല്ലാ അതിർത്തികളും ലംഘിച്ചു. എല്ലാ കഥകൾക്കും രണ്ട് വശങ്ങളുണ്ട്.. ഞങ്ങളുടെ സൈഡിൽ നിന്നുള്ള കാര്യങ്ങൾ പുറത്തുവരാൻ സമയമായെന്ന് തോന്നുന്നു. അഭിപ്രായം സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റൊരാളുടെ യശ്ശസ് കളങ്കപ്പെടുത്താനോ ഇല്ലാ കഥകൾ പ്രചരിപ്പിച്ചു ജീവിതം നശിപ്പിക്കാൻ പാടില്ല. നിങ്ങൾക്ക് എതിരായുള്ള എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. ബന്ധപ്പെട്ടവർക്ക് അത് കൈമാറുകയും ചെയ്തു. ഈ മോശം സമയത്ത് ഞങ്ങൾക്ക് ഒപ്പം നിന്ന എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു..”, ആരതി പോസ്റ്റ് ചെയ്തു.