കുവൈറ്റിൽ മരിച്ച മലയാളികളുടെ ശ,വശരീരം ഇന്ന് എയർപോർട്ടിൽ എത്തിയപ്പോൾ അത് ഏറെ വിങ്ങലുണ്ടാക്കുന്ന ഒരു സംഭവമായി മാറിയിരിക്കുകയാണ്. ബോഡി കൊണ്ടുവന്ന പെട്ടികൾ നിരത്തി എയർപോർട്ടിന് മുന്നിൽ വച്ചപ്പോൾ അതൊരു സങ്കടകടൽ തന്നെയായി മാറി. ഇപ്പോഴിതാ കുവൈറ്റ് നടന്ന ദുഖ വാർത്തയെ കുറിച്ച് അഞ്ജു പാർവതി എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.
“ഹൃദയം നുറുക്കുന്ന, സങ്കട തീ മഴയായി കുവൈറ്റ് ദുരന്തം. ഇന്നലെ രാത്രി ഒരു പോള കണ്ണടയ്ക്കുവാൻ കഴിഞ്ഞില്ല. പ്രവാസം എന്നത് എന്റെ ജീവിതത്തിന്റെ ഭാഗം ആവുമ്പോൾ, പ്രവാസി എന്ന പേരിൽ പിറന്ന രാജ്യത്ത് അറിയപ്പെടുന്നവർ സ്വന്തം ജീവന്റെ ഭാഗമായും കുടുംബത്തിന്റെ ഭാഗമായും സൗഹൃദങ്ങളുടെ ഭാഗമായും ഉള്ളപ്പോൾ ഈ ദുരന്തത്തിൽ ഉൾപ്പെട്ട ഓരോരുത്തരും ഞാൻ തന്നെ, അല്ലെങ്കിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണെന്ന ബോധ്യം ഹൃദയത്തെ പൊ ള്ളി അടർത്തുന്നു.
ഇന്നലെ രാത്രി കുവൈറ്റിൽ ഉള്ള ഓരോ പ്രിയരേയും ബന്ധപ്പെട്ട് അവരൊക്കെ സേഫ് ആണോയെന്ന് അന്വേഷിക്കുമ്പോഴും ഉള്ളിൽ പ്രാർത്ഥിച്ചത് അപ്രിയം ആയത് ഒന്നും കേൾക്കരുതേ എന്തായിരുന്നു. ഈ കെട്ടിട്ടത്തിന് വളരെ അടുത്ത് താമസിക്കുന്ന രണ്ട് പേരിൽ നിന്നും ദുരന്ത വിവരങ്ങൾ അറിഞ്ഞു. അവർക്ക് അപകടത്തിൽ ഉൾപ്പെട്ട പലരെയും അറിയാം. അടുത്ത് ഉള്ള സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കുറേ പേർ ആ അപ്പാർട്ട്മെന്റിൽ താമസിക്കുന്നു.
അത് എൻബിടിസി കമ്പനിയുടെ അക്കോമഡേഷൻ അപ്പാർട്ട്മെന്റ് ആണെങ്കിലും കമ്പനിയുടെ തന്നെ പല പല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, സാധാരണ ലേബർ മുതൽ എഞ്ചിനീയർമാർ വരെ ഉള്ള നമ്മുടെയൊക്കെ കൂടപ്പിറപ്പുകൾ താമസിക്കുന്ന അപ്പാർട്ട്മെന്റാണ് ദുരന്തത്തിൽ പെട്ടത്. ഫാമിലി അക്കോമഡേഷൻ ഇല്ലാത്ത അപ്പാർട്ട്മെന്റ് ആയതിനാൽ സ്ത്രീകളും കുഞ്ഞുങ്ങളും ദുരന്തത്തിൽ ഉൾപ്പെട്ടില്ല. ഈ വിവരങ്ങൾ പറയുമ്പോൾ അദ്ദേഹം കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. കാരണം ഈ ദുരന്തത്തിൽ അദ്ദേഹത്തിന്റെ ഒരു ബന്ധുവായ പയ്യനും ഉൾപ്പെട്ടിട്ടുണ്ട്.
ഒപ്പം പരിചയത്തിൽ ഉള്ളവരും ബന്ധുവായ യുവാവ് നിലവിൽ ഐസിയുവിലാണ്. എന്നും കണ്ട് പരിചയം ഉള്ള മുഖങ്ങൾ ദുരന്തത്തിൽ ഉൾപ്പെട്ടതിന്റെ ആഘാതത്തിൽ നിൽക്കുന്ന അദ്ദേഹത്തെ എനിക്ക് മനസ്സിലാവുമായിരുന്നു. ഓരോരുത്തർക്കും എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കും. കഴിഞ്ഞ മാസം ജോലിക്ക് കയറി ആദ്യ ശമ്പളം വാങ്ങി നാട്ടിൽ അയച്ചതിന്റെ സന്തോഷത്തിൽ നിന്ന യുവാവും കുവൈറ്റിൽ വന്നിട്ട് വെറും ഒരാഴ്ചക്കുള്ളിൽ ഈ ദുർവിധി തേടിയെത്തിയ മറ്റൊരു യുവാവും ഒക്കെ വല്ലാതെ കരയിപ്പിക്കുന്നു.
ഈ ചിരിച്ചു നിൽക്കുന്ന ഓരോരുത്തരും ഒരർത്ഥത്തിൽ എന്റെ പ്രതീകം തന്നെയാണ്. ഇവരിൽ, ഇവരുടെ വിയോഗം തളർത്തിയ പ്രിയപ്പെട്ടവരിൽ എനിക്ക് എന്നെ തന്നെ കാണുവാൻ കഴിയും. ഓരോ പ്രവാസിക്കും കുടുംബത്തിൽ പ്രവാസികൾ ഉള്ള ഓരോരുത്തർക്കും ഇവരിൽ അവരെ തന്നെ കാണുവാൻ കഴിയും. അതിനാൽ തന്നെ അത് നല്കുന്ന വേദന, നോവ്, പൊള്ളൽ വിവരിക്കാൻ കഴിയുന്നതിനും അപ്പുറം..”, ഇതായിരുന്നു അഞ്ജു പാർവതി വേദനയോടെ പങ്കുവച്ചത്.