കുറച്ച് കാലം മുമ്പ് വരെ സമൂഹം അംഗീകരിക്കാൻ മടികാണിച്ചിട്ടുള്ള ഒരു കൂട്ടരാണ് ട്രാൻസ്.ജൻഡർ വിഭാഗത്തിലെ ആളുകൾ. ഇവരുടെ ജീവിതം പറയുന്ന സിനിമകളും ഷോർട്ട് ഫിലിമുകളും ഒക്കെ വന്നതോടെ സമൂഹം ഒരുപാട് മാറിചിന്തിക്കാൻ തുടങ്ങി. എങ്കിലും പൂർണമായും ഇതിൽ മാറ്റം വന്നോ എന്നതിൽ സംശയമാണ്. സർക്കാരും സാംസ്കാരിക പ്രമുഖരും ഇവർക്ക് താങ്ങായി പലപ്പോഴും മുന്നിട്ട് നിന്നിട്ടുണ്ട്.
ട്രാൻസ്.ജൻഡറുകൾ ഒരുപാട് വേദനകളും വിഷമങ്ങളും പരിഹാസങ്ങളുമൊക്കെ സഹിച്ച് സമൂഹത്തിൽ ജീവിക്കുന്നവരാണ്. ഇന്ന് അവരിൽ പലരും പല ഉന്നതമായ ജോലികളിൽ അഭിമാനത്തോടെ ജോലി ചെയ്യുന്നുമുണ്ട്. സിനിമ മേഖലയിലും ട്രാൻസ്.ജൻഡറുകൾ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ പേരും മേക്കപ്പ് ആർട്ടിസ്റ്റുകളായും സ്റ്റേജ് ഷോകളിലും കോമഡി പരിപാടികളിലുമൊക്കെ സജീവമാണ്. അഭിനയത്തിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശ്രമിക്കാറുണ്ട്.
ഇന്ത്യൻ സിനിമ മേഖലയിലെ ആദ്യത്തെ ട്രാൻസ്.ജൻഡർ നായികമാരിൽ ഒരാളാണ് നടി അഞ്ജലി അമീർ. അതും മമ്മൂട്ടിയുടെ തമിഴ് സിനിമയായ പേരനബിലാണ് അഞ്ജലി ആദ്യമായി അഭിനയിക്കുന്നത്. അതിലെ ശ്രദ്ധേയമായ വേഷം ചെയ്ത അഞ്ജലി പിന്നീട് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുത്തിരുന്നു. അങ്ങനെ ഒരുപാട് മലയാളികൾക്ക് അഞ്ജലി സുപരിചിതയാകുകയും ട്രാൻസ്.ജൻഡർ കമ്മ്യൂണിറ്റിയെ കൂടുതൽ പരിചിതമാക്കുകയും ചെയ്തിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വസ്ത്ര ധാരണത്തിന്റെ പേരിൽ മോശം കമന്റുകൾ വരുന്നതിന് എതിരെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇപ്പോൾ അഞ്ജലി ചെയ്തിരിക്കുകയാണ്. “വസ്ത്രത്തിൽ പ്രകോപിതരാവുന്നവർക്ക് സമർപ്പിക്കുന്നു..”എന്നാണ് ക്യാപ്ഷൻ നൽകിയത്.മിഥുന്റെ സ്മാർട്ട് വെഡിങ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സന്തോഷാണ് മേക്കപ്പ് ചെയ്തത്. മികച്ച പിന്തുണയാണ് ഫോട്ടോഷൂട്ടിന് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.