ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വിജയിയായ ആളാണ് അഖിൽ മാരാർ. ബിഗ് ബോസിൽ ഒന്നാം സ്ഥാനം നേടിയ ശേഷം ജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഒരുപാട് ആളുകൾ തന്റെ അടുത്ത് സഹായം ചോദിച്ച് വരുന്നുണ്ടെന്നും ഒരു ലോട്ടറി അടിക്കുന്ന ആൾ അനുഭവിക്കുന്ന കാര്യങ്ങളാണ് നേരിടുന്നതെന്നും അഖിൽ പറയുന്നു.
“ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് 16 ദിവസങ്ങളായി. ആകെ രണ്ട് ദിവസമാണ് എന്റെ കുടുംബത്തോടൊപ്പം നിന്നത്. വീട്ടിലേക്ക് ഒരുപാട് പേർ പല സ്ഥലങ്ങളിൽ നിന്നും കാണാൻ വരുന്നുണ്ട്. ഒരു സ്ഥലത്ത് കുടിവെള്ള പദ്ധതി ഞാൻ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കുറെ ആളുകൾ എന്നെ കാണാൻ വന്നിരുന്നു. സാമ്പത്തിക സഹായം ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് പലരും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.
ഒരു ലോട്ടറി അടിക്കുമ്പോൾ ഒരാൾക്ക് ഉണ്ടാവുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുണ്ടല്ലോ! എനിക്ക് സഹായിക്കാൻ ഭയങ്കര സന്തോഷമാണ്. എന്റെ കൈയിൽ പൈസ ഉണ്ടെങ്കിൽ അത് അർഹതപ്പെട്ട ഒരാൾക്ക് കൊടുക്കുക എന്നത് എനിക്ക് സന്തോഷമാണ്. നിങ്ങൾ ഒരു യാഥാർഥ്യം മനസ്സിലാക്കണം. എന്റെ ലൈഫിൽ ഇതുവരെ ഒരു സെന്റ് ഭൂമി എന്റെ പേരിലില്ല. ഒരു വീട് ഇതുവരെ വച്ചിട്ടില്ല. നിങ്ങൾ കൃത്യമായി അന്വേഷിച്ചോളൂ. ഞാൻ ബിഗ് ബോസിൽ നിന്നപ്പോൾ പറഞ്ഞിട്ടുള്ള ഒരു കഥയുണ്ട്.
ഒരു ഷെയർ മാർക്കറ്റിൽ എനിക്ക് ഭയങ്കര നഷ്ടം വന്നത്. അത് എന്റെ സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങിയ പൈസയാണ്. ആ കടം വീട്ടാൻ വേണ്ടി ഞാൻ ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു. അത് ഇതുവരെ അടച്ചിട്ടില്ല. ഇതല്ലാതെ എന്റെ അമ്മയുടെ പേരിലുള്ള സ്ഥലം ജപ്തിയുടെ വക്കിലാണ്. അത് ഇതുവരെ അടച്ചിട്ടില്ല. ആളുകൾ ഇപ്പോൾ പറയും അവൻ പൈസ കിട്ടിയിട്ടാണ് ഇങ്ങനെ എന്നൊക്കെ. എനിക്ക് സഹായിക്കാൻ ആഗ്രഹമുള്ള ആളാണ്. “, അഖിൽ മാരാർ പറഞ്ഞു.