2022 ഡിസംബറിൽ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത തിയേറ്ററിലേക്ക് എത്തിയ ചിത്രമായിരുന്നു മാളികപ്പുറം. വളരെ അപ്രതീക്ഷിതമായി എത്തിയ ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാളികപ്പുറം മാറുകയും ചെയ്തു. 50 കോടിയിൽ അധികമാണ് സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയത്.
ആ സിനിമയിൽ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒരു കൊച്ചുമിടുക്കി ഉണ്ടായിരുന്നു. ദേവനന്ദ എന്ന ആ കൊച്ചുമിടുക്കി കല്ലു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ചതും ദേവനന്ദയുടെ പ്രകടനമാണ്. അതുകൊണ്ട് തന്നെ ദേവനന്ദയ്ക്ക് അന്ന് ഒരുപാട് പ്രശംസകൾ ഒക്കെ ലഭിക്കുകയും ചെയ്തു. കൂടുതൽ സിനിമകളിൽ നിന്ന് ദേവനന്ദയ്ക്ക് അവസരവും ലഭിച്ചു.
മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള ഇപ്പോൾ പുതിയ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ്. ദേവനന്ദയെ പ്രധാനവേഷത്തിൽ അഭിനയിപ്പിക്കുന്ന പുതിയ സിനിമയുടെ കഥ മൂകാംബിക ദേവി ക്ഷേത്രത്തിൽ വച്ച് കുട്ടി പറഞ്ഞുകൊടുത്തു എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അടുത്തതും ഭക്തി പടം ആയിരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
“പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയിൽ വെച്ച് പറഞ്ഞു കൊടുത്തു. ഇനിയുള്ള ദിവസങ്ങൾ അവൾ കഥാപാത്രത്തിലേക്കുള്ള യാത്ര. കൂടുതൽ വിവരങ്ങൾ വഴിയേ..”, അഭിലാഷ് പിള്ള ദേവനന്ദയ്ക്ക് ഒപ്പം മൂകാംബികയിൽ ഇരിക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. മൂകാംബിക ശ്രീ പരമേശ്വരി ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെയെന്ന് മലയാളികൾ കമന്റും ഇട്ടിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.