‘നമ്മുടെ കുഞ്ഞായി നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ എനിക്കിനിയും കാത്തിരിക്കാൻ വയ്യ..’ – പ്രിയതമന്റെ ഓർമ്മയിൽ നടി മേഘ്ന
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് നടി മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് മേഘ്ന. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്ന പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയത്.
10 വർഷത്തോളം കന്നഡ നടൻ ചിരഞ്ജീവി സർജയുമായി പ്രണയത്തിലായിരുന്ന മേഘ്ന 2018-ലാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. തമിഴ് നടൻ അർജുന്റെ സഹോദരി പുത്രൻകൂടിയാണ് ചിരഞ്ജീവി. ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ വളരെ നന്നായി പോകുമ്പോഴായിരുന്നു അടുത്തിടെ അപ്രതീക്ഷിതമായ ചിരഞ്ജീവിയുടെ വേർപാട്.
മേഘ്നയെ തനിച്ചാക്കി യാത്രയായ് ചീരഞ്ജീവിയുടെ വേർപാട് ഏവരെയും സങ്കടത്തിലാഴ്ത്തി. അദ്ദേഹം മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഈ മാസം ജൂൺ 6ന് ഹൃദയാഘാതത്തെ തുടർന്നാണ് ചീരഞ്ജീവിയുടെ മരണം സംഭവിക്കുന്നത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ ആരാധകരും സിനിമ സുഹൃത്തുക്കളും ഈ കൊറോണ കാലത്തും കാണാനായി എത്തിയിരുന്നു.
ഇപ്പോഴിതാ മേഘ്ന തന്റെ ട്വിറ്ററിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ചീരുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് മേഘ്ന കുറിപ്പ് എഴുതിയിരിക്കുന്നത്. ‘ചീരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു, നിന്നെ കുറിച്ച് എന്തുപറയണമെന്ന് ആലോചിച്ചിട്ട് എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നീ എനിക്ക് ആരായിരുന്നുവെന്ന് ലോകത്തെത്തുള്ള ഏത് വാക്കുകൾ കൊണ്ട് പറഞ്ഞാലും മതിയാകില്ല.
എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ് അതിനേക്കാൾ എല്ലാമായിരുന്നു എനിക്ക് നീ. നീ എന്റെ ജീവന്റെ ഒരു ഭാഗമായിരുന്നു ചീരു. ഞാൻ വീട്ടിൽ എത്തി.. എന്ന് പറഞ്ഞുകൊണ്ട് വീടിന്റെ മുന്നിലെ വാതിൽ നോക്കി നിൽക്കുമ്പോൾ നീ വരാത്തത് എന്നെ ഏറെ വേദനിപ്പിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാൻ പറ്റാതെ എന്റെ ഹൃദയം വിങ്ങുകയാണ്.
MY CHIRU FOREVER ❤️ pic.twitter.com/sqON30wHKR
— MEGHANA RAJ (@meghanasraj) June 18, 2020
ഓരോ തവണ ഞാൻ തളരുമ്പോഴും ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്. നീ എനിക്ക് നൽകിയ ആ വിലപ്പെട്ട സമ്മാനം നമ്മുടെ കുഞ്ഞ്, നമ്മുടെ കുഞ്ഞായി നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ എനിക്കിനിയും കാത്തിരിക്കാൻ വയ്യ.. അതിലൂടെ നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്റെ മുഖം കാണാൻ ഞാൻ കാത്തിരിക്കുകയാണ്. എന്റെ അവസാനശ്വാസം വരെയും നീ എനിക്കൊപ്പം ജീവിക്കും.. മേഘ്ന കുറിച്ചു.