തമിഴ് നടൻ വിജയിയുടെ സഹോദരി വിദ്യ മൂന്നര വയസ്സിൽ അസുഖത്തെ തുടർന്ന് മരണപ്പെട്ട വിവരം ഏവർക്കും അറിയുന്ന ഒന്നാണ്. വിജയിയുടെ മനസ്സിലുള്ള ഏറ്റവും വലിയ വേദനകളിൽ ഒന്നാണ് അത്. ഇപ്പോഴിതാ വിജയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയും ഒരു അഭിമുഖത്തിൽ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ഏറ്റവും മിസ് ചെയ്യുന്നത് മകൾ വിദ്യയെയാണ്.
മൂന്നര വയസ്സിലാണ് അവൾ ഞങ്ങളെ വിട്ടുപോയതെങ്കിലും ഇപ്പോഴും അവൾ ഉണ്ടായിരുന്നെങ്കിൽ ജീവിതം കുറച്ചുകൂടി നല്ലതായിരുന്നേനെ എന്ന് തോന്നാറുണ്ട്. ഞങ്ങളുടെ വീട്ടിൽ എല്ലാവരും അവളെ മിസ് ചെയ്യുന്നുണ്ട്. ആ ഷോക്കിൽ നിന്ന് വിജയ് ഇതുവരെ മുക്തനായിട്ടില്ല. വീഡിയോസ് ഒക്കെ കാണുമ്പോൾ, ചില പെൺകുട്ടികൾ അച്ഛന്മാരിൽ അത്രത്തോളം ഇഷ്ടം കാണിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും.
അവൾ ജനിച്ച ശേഷമാണ് ഞങ്ങൾക്ക് ഉയർച്ച ഉണ്ടായിട്ടുള്ളത്. അവളെ ഗർഭിണി ആയിരിക്കുമ്പോഴാണ് ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. പണം കാണാൻ തുടങ്ങിയത് അപ്പോഴാണ്. അവൾ ഞങ്ങളുടെ ഭാഗ്യമായിരുന്നു. എല്ലാം തന്നിട്ട് അവൾ അങ്ങ് പോയി. അവൾക്ക് അങ്ങനെയൊരു അസുഖമുണ്ടെന്ന് അറിഞ്ഞ ശേഷം ഏതൊരു ഷൂട്ടിംഗ് നടന്നാലും ഞാൻ അവളെ കൂട്ടികൊണ്ടുപോകുമായിരുന്നു. എല്ലാവരോടും ഇടപഴക്കും.
തെലുങ്കിലെ ചിരഞ്ജീവിയുമായി അവൾ ഭയങ്കര ക്ലോസ് ആയിരുന്നു. അവൾ മരിച്ച ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നു. രാവിലത്തെ ഷൂട്ട് കഴിഞ്ഞ് ഞാൻ തിരിച്ചു വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച ശേഷം വീണ്ടും മടങ്ങാൻ തുടങ്ങി. അവൾ എന്റെ കൈയിൽ പിടിച്ചിട്ട് അപ്പാ പോകരുതെന്ന് പറഞ്ഞു. പോയിട്ട് വരാം എന്ന് പറഞ്ഞ് അവളെ എടുത്തപ്പോഴാണ് രക്തം വരാൻ തുടങ്ങിയത്. ഡോക്ടർ വിളിച്ചു. എന്റെ മടിയിൽ കിടന്നാണ് മകൾ മരിച്ചത്.
വിദ്യാ എന്ന് വിളിച്ച് വിജയ് പൊട്ടി കരഞ്ഞു. അവൻ ആ സമയത്ത് പത്ത് വയസ്സായിരുന്നു. ഡേയ് അണ്ണാ എന്നാണ് വിദ്യ വിജയിയെ വിളിച്ചിരുന്നത്. ആ പ്രായത്തിലും അവൾ നന്നായി പാടുമായിരുന്നു. അവളെ ഞങ്ങൾ ശരിക്കും മിസ് ചെയ്യുന്നുണ്ട്..ഒരു ദൈവീകമായ കുഞ്ഞായിരുന്നു അവൾ. ആ പ്രായത്തിൽ പോലും അവൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുമായിരുന്നു..”, ഇരുവരും മകളെ കുറിച്ചുള്ള ഓർമ്മകളും അവസാന നിമിഷവും പങ്കുവച്ചു.