സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ദി കേരള സ്റ്റോറി എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ഒരു ടീസറും, ട്രെയിലറും ഇറങ്ങിയതോടെ സിനിമയ്ക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് മലയാളികളിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർത്തു എന്നതായിരുന്നു ടീസറിൽ കാണിച്ചത്. അതാണ് വിവാദങ്ങൾക്ക് തുടക്കമായത്.
കേരളത്തിന്റെ പേര് കളങ്കപ്പെടുത്താനും വർഗീയ സംഘർഷം ഉണ്ടാക്കാനും ഈ സിനിമ കൊണ്ട് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേരളത്തിലെ ഇടത്-വലത് മുന്നണികൾ രംഗത്ത് വന്നു. ട്രെയിലർ ഇറങ്ങിയ ശേഷം സിനിമയ്ക്ക് എതിരെ വലിയ രീതിയിലുള്ള ക്യാമ്പയിനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കണം, റിലീസ് ചെയ്യാൻ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.
ഇപ്പോഴിതാ കേരള സ്റ്റോറിയുടെ സംവിധായകനായ സുദിപ്തോ സെൻ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്. 32000 അല്ല അതിൽ കൂടുതൽ ഉണ്ടാകും മതം മാറി ഐഎസിൽ പോയവരുടെ എണ്ണം എന്നാണ് സംവിധായകന്റെ പുതിയ വെളിപ്പെടുത്തൽ. ഇങ്ങനെയുള്ള ആറായിരം കേസുകൾ പഠിച്ച ശേഷമാണ് സിനിമ എടുത്തതെന്നും രാഷ്ട്രീയപരമായതോ മതപരമായതോ ഉള്ള വിഷയമല്ല സിനിമ പറയുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
അതെ സമയം ട്വിറ്ററിലും സുദിപ്തോ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇടുകയുണ്ടായി. “പ്രിയപ്പെട്ട എന്റെ കേരളമേ, സാക്ഷരതയിൽ നിങ്ങൾ മുന്നിലാണ്, വിദ്യാഭ്യാസം നമ്മെ സഹിഷ്ണുത പഠിപ്പിക്കും. ദയവായി ദി കേരള സ്റ്റോറി കാണുക. അഭിപ്രായം പറയാൻ എന്തിനാണ് തിടുക്കം? ഇത് കാണുക, നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഞങ്ങൾ ചർച്ച ചെയ്യാം. 7 വർഷം ഞങ്ങൾ ഈ ചിത്രത്തിനായി കേരളത്തിൽ പ്രവർത്തിച്ചു. ഞങ്ങൾ നിങ്ങളുടെ ഭാഗമാണ്. നമ്മൾ ഒരുമിച്ച് ഇന്ത്യക്കാരാണ്. ലവ് യു..”, സുദിപ്തോ പോസ്റ്റ് ചെയ്തു.