‘മുപ്പത് വയസ്സിൽ കരിയർ അവസാനിക്കും, രണ്ട് കുട്ടികളുടെ അമ്മയായിട്ടുണ്ടാവും കരുതി..’ – നടി തമന്ന ഭാട്ടിയ

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ശേഷം ഇപ്പോൾ ബോളിവുഡ് തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് തമന്ന ഭാട്ടിയ. അവസാനമിറങ്ങിയ മൂന്ന് സിനിമകളിൽ രണ്ടും ബോളിവുഡ് സിനിമകളായിരുന്നു. അടുത്തതായി വരാനുള്ള ലസ്റ്റ് സ്റ്റോറീസ് 2-വും ഹിന്ദി ചിത്രമാണ്. ആമസോൺ ഈ കഴിഞ്ഞ ദിവസമിറങ്ങിയ തമന്നയുടെ വെബ് സീരീസും ഹിന്ദിയായിരുന്നു.

ബോളിവുഡിന്റെ പ്രിയങ്കരിയായി മാറി കഴിഞ്ഞ തമന്ന ബോളിവുഡ് നടനായ വിജയ് വർമ്മയുമായി പ്രണയത്തിലാണെന്ന് ഈ കഴിഞ്ഞ ദിവസമാണ് താരം വെളിപ്പെടുത്തിയത്. ന്യൂ ഇയർ ദിനം മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരം തന്നെ വെളിപ്പെടുത്തിയത് ഈ കഴിഞ്ഞ ദിവസമാണ്. ജീവിതത്തിൽ സംഭവിക്കുമെന്ന് വിചാരിച്ച ഒരു കാര്യം വേറെയൊരു അഭിമുഖത്തിൽ തമന്ന തുറന്നുപറഞ്ഞിരിക്കുകയാണ്.

“ഞാൻ സിനിമയിൽ വരുന്ന സമയത്ത് നായികമാരുടെ കാലയളവ് പരമാവധി പത്ത് വർഷമായിരുന്നു. അതുകൊണ്ട് ഒരു മുപ്പത് വയസാകുമ്പോൾ എന്റെ കരിയർ തീരുമെന്നും വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികൾ ഉണ്ടായിട്ടുണ്ടാവുമെന്നും എന്നൊക്കെ ആയിരുന്നു എന്റെ കണക്കുകൂട്ടൽ. അന്നത്തെ ആ ചിന്ത എന്റെയുള്ളിൽ തന്നത് മറ്റുള്ളവരാണ്. മുപ്പത്തിലേക്ക് എത്തിയപ്പോഴാണ് എന്റേതായ ചിന്തകളിലേക്ക് ഞാൻ വന്നുതുടങ്ങിയത്.

മുപ്പത് വയസ്സിന് ശേഷം എന്ത് ചെയ്യണമെന്ന് എനിക്കൊരു പ്ലാൻ ഉണ്ടായിരുന്നില്ല. ഇപ്പോൾ പിറന്നുവീണ ഒരു കുട്ടിയെ പോലെയാണ് എനിക്ക് എന്നെ തന്നെ തോന്നുന്നത്. വിവാഹം കഴിക്കുക എന്നത് ഒരു സ്വപ്നമല്ല, അത് തോന്നുമ്പോൾ ചെയ്യേണ്ട ഒരു കാര്യമാണ്. ഇന്ന് എന്ത് ചെയ്യണമെന്ന് എല്ലാവർക്കും ചോയിസുണ്ട്. അത് പ്രകാരമാണ് കാര്യങ്ങൾ ചെയ്യുക..”, തമന്ന പറഞ്ഞു. അതെസമയം പുതിയ വെബ് സീരിസിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തതിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്.


Posted

in

by