2000-ൽ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കി പിന്നീട് ബോളിവുഡിലും അങ്ങ് ഹോളിവുഡിലും താരമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ദളപതി വിജയുടെ നായികയായി ‘തമിഴൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ അഭിനയത്തിലേക്കുള്ള രംഗപ്രവേശം. 2003-ലാണ് പ്രിയങ്ക ചോപ്ര ബോളിവുഡിൽ അരങ്ങേറുന്നത്. ദി ഹീറോ, ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.
പിന്നീട് അങ്ങോട്ട് ഹിന്ദി സിനിമകളിൽ മാത്രം ശ്രദ്ധകൊടുത്ത് ബോളിവുഡിലെ ഒരു താരറാണിയായി പ്രിയങ്ക ചോപ്ര മാറുകയും ചെയ്തു. ഹൃതിക് റോഷനൊപ്പമുള്ള കൃഷിലെ നായികയായി അഭിനയിച്ച ശേഷം കേരളത്തിലും താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു. നായികാപ്രാധാന്യമുള്ള സിനിമകളിലും പ്രിയങ്ക തിളങ്ങി. മേരി കോമിന്റെ ജീവിതകഥ സിനിമയാക്കിയപ്പോൾ ആ റോളിൽ അഭിനയിച്ചതും പ്രിയങ്ക ആയിരുന്നു.
ദി റോക്ക് എന്ന് അറിയപ്പെടുന്ന ഡ്വെയൻ ജോൺസന്റെ ബേവാച്ച് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും തുടക്കം കുറിച്ചു പ്രിയങ്ക. പിന്നീട് ഹോളിവുഡ് സിനിമകളിൽ ശ്രദ്ധകൊടുത്ത പ്രിയങ്ക ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തു. അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോണസുമായി താരം ഡേറ്റിംഗിൽ ആവുകയും പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക. “വീട്. വരും ദിവസങ്ങൾക്കായി കാത്തിരിക്കുന്നു..”, എന്ന ക്യാപ്ഷനോടെ മുംബൈയിലെ ഒരു ഹോട്ടലിൽ ബാൽക്കണി കാഴ്ചകളിൽ നിന്നുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് പ്രിയങ്ക കുറിച്ചു. കൈയിൽ ഒരു കപ്പ് ലെമൺ ടീയും കാണാം. ഈ വർഷം ആദ്യമാണ് വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചുവെന്ന് പ്രിയങ്ക ആരാധകരെ അറിയിച്ചത്.