‘ചാക്കോച്ചൻ 3 നായികമാർ! പൊട്ടിചിരിപ്പിച്ച് പദ്മിനിയുടെ ട്രെയിലർ, ഷമ്മി റെഫറൻസ്..’ – വീഡിയോ വൈറൽ

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിൽ തന്നെയാണ് ഉള്ളത്. ദീപു പ്രദീപാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മൂന്ന് നായികമാരാണ് സിനിമയിൽ ഉള്ളത്.

അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് സിനിമയിൽ ചാക്കോച്ചൻ ഒപ്പം അഭിനയിക്കുന്ന മറ്റ് പ്രധാന താരങ്ങൾ. ട്രെയിലറിൽ നിന്ന് ഒരു ആക്ഷേപഹാസ്യ സിനിമയായിരിക്കും ഇതെന്ന് ഏകദേശം വ്യക്തമാണ്. തിങ്കളാഴ്ച നിശ്ചയം പോലെ പ്രേക്ഷകരെ എല്ലാം ഒരുപോലെ തൃപ്തിപ്പെടുത്താൻ സംവിധായകന് സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

പ്രണയവും കല്യാണവും കോടതിയുമൊക്കെ ചേർന്ന് ഒരു കോമഡി ട്രീറ്റ് തന്നെയാണെന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ഷമ്മി റെഫെറൻസും ട്രൈലറിലുണ്ട്. ലിറ്റിൽ ബിഗ് ഫിൽംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ മാസം തന്നെ സിനിമ തിയേറ്ററുകളിൽ എത്തും. ജൂലൈ ഏഴിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജയ്ക്സ് ബിജോയ് ആണ് സംഗീതം.

സിനിമയുടെ ട്രെയിലർ ഇറങ്ങുന്നതിന് മുമ്പ് തന്നെ ടീസറും പാട്ടുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പക്ഷേ വേണ്ടത്ര പബ്ലിസിറ്റി ഇല്ലാത്തത് സിനിമയെ ബാധിക്കുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്. രണ്ട് പാട്ടുകളാണ് സിനിമയിലുള്ളത്. ഇതിൽ തന്നെ ലവ് യു മുത്തേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനും വിദ്യാധരൻ മാസ്റ്ററും കൂടി ചേർന്നാണ്.