‘ജാൻമണി തൊട്ടാൽ കുഴപ്പം, പെങ്ങൾമാർ തൊട്ടാൽ കുഴപ്പമില്ല! അതെന്താ ജാൻമണിയെ പെങ്ങളായി കണ്ടൂടെ..’ – രതീഷിന് എതിരെ നാദിറ

മറ്റൊരു ബിഗ് ബോസ് സീസണിന് തുടക്കം ആയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചതിന് പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തി ആദ്യ ആഴ്ചയിൽ തന്നെ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് രതീഷ് കുമാർ എന്ന മത്സരാർത്ഥി. അവതാരകനും കോമേഡിയനുമായ രതീഷ്, ഈ കഴിഞ്ഞ ദിവസം സഹമത്സരാർത്ഥിയായ ജാൻമണിദാസുമായി ഒരു പ്രശ്നം ഉണ്ടായിരുന്നു.

ജാൻമണി തന്റെ ദേഹത്ത് തൊട്ടത്തിന് എതിരെയാണ് രതീഷ് പറഞ്ഞത്. ഇതോടൊപ്പം സ്ത്രീകളായ സഹമത്സരാർത്ഥികൾ തൊടുന്നതിൽ കുഴപ്പമില്ല പെങ്ങൾമാരെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് എതിരെയാണ് വിമർശനം വന്നിരിക്കുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ മത്സരാർത്ഥിയായ നാദിറ മെഹറിനാണ് രതീഷിന്റെ എതിരെ രംഗത്ത് വന്നിരിക്കുന്നത്. നാദിറയുടെ അതെ കമ്മ്യൂണിറ്റിയിൽ പെട്ട ജാൻമണിയെ പിന്തുണച്ചാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.

“എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല.(മര്യാദ) ജന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങൾ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ല. (സ്വഭാവവൈകല്യം). അതെന്താഡാ നീ ഇങ്ങനെ. ജന്മണിയെ പെങ്ങളായി കണ്ടൂടെ. ഒഹോ.. ട്രാൻസ്‌ ജെണ്ടർ തൊടുന്നതിനെല്ലാം മറ്റൊരു അർത്ഥമുണ്ടല്ലോ. ഏത്.. അത്!!

എന്റെ പൊന്നു രതീശണ്ണാ.. നിങ്ങൾ ഈ കോണകപ്പുറത്ത് നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ?? ഇതൊക്കെ സംസാരിക്കാനും പറയാനും അറിയുന്ന ഒരാളുപോലും ഈ സീസണിൽ ഇല്ലാണ്ട് പോയി..”, ഇതായിരുന്നു നാദിറ കുറിച്ചത്. രതീഷിന്റെ ഫോട്ടോയോടൊപ്പം ഷെയിം ഓൺ യു രതീഷ് എന്നെഴുതി ചേർക്കുകയും ചെയ്തു. നാദിറയെ അനുകൂലിച്ച് രേഷ്മ നായർ, സാധിക, ഡെയ്സി ഡേവിഡ്, സെറീന എന്നിവർ രംഗത്ത് വന്നു.