‘കനിമൊഴിയെ കയറ്റിയതിന് വനിത ബസ് ഡ്രൈവർക്ക് ജോലി നഷ്ടപ്പെട്ട സംഭവം..’ – ശർമിളയ്ക്ക് കാർ സമ്മാനിച്ച് കമൽഹാസൻ

ഈ കഴിഞ്ഞ ദിവസമാണ് ഡിഎംകെയുടെ എംപിയും തമിഴ് നാട് മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ മകളുമായ കനിമൊഴി, കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശര്‍മിളയെ അഭിനന്ദിക്കാൻ വേണ്ടി ബസിൽ കയറിയത്. കനിമൊഴിക്ക് ടിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ശർമിള ജോലിയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

യാത്രയ്ക്കിടെ, കനിമൊഴിയോട് ടിക്കറ്റ് എടുക്കരുതെന്ന് ശർമിള പറഞ്ഞിട്ടും ബസിലെ കണ്ടക്ടർ അണ്ണത്തൈ ടിക്കറ്റ് ആവശ്യപ്പെട്ടു. പിന്നീട് ബസ് ഉടമയോട് വിഷയം ഉന്നയിക്കാൻ ഓഫീസിലെത്തിയെങ്കിലും അദ്ദേഹം വേണ്ട പിന്തുണ നൽകിയില്ല. സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടിയാണ് പ്രശസ്തരായ ആളുകളെ രംഗത്തിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞെന്നും ശർമിള പറഞ്ഞു. ഇതേ തുടർന്നാണ് ശർമിള ജോലി രാജിവച്ചത്.

ജോലി നഷ്ടമായ ശർമിളയ്ക്ക് പിന്തുണ നൽകികൊണ്ട് ഇപ്പോൾ സാക്ഷാൽ കമൽഹാസൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ട ശർമിളയ്ക്ക് ഒരു പുത്തൻ കാറാണ് അദ്ദേഹം സമ്മനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ഇത് പങ്കുവെക്കുകയും ചെയ്തു. “കമൽ കൾച്ചറൽ സെന്ററിന്റെ പേരിൽ ഷർമിളയ്ക്ക് പുതിയ കാർ സമ്മാനിച്ചു. ഒരു റെന്റൽ കാർ ഡ്രൈവിംഗ് സംരംഭകയായി അവൾ തന്റെ യാത്ര തുടരും..”, കമൽ പറഞ്ഞു.

നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട സ്ത്രീകൾ വേലിക്കെട്ടുകൾ ഭേദിക്കുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് ഒരു പരിഷ്കൃത സമൂഹത്തിന്റെ കടമയാണെന്നും കമൽ കൂട്ടിച്ചേർത്തു. എന്തായാലും കമൽഹാസന്റെ ഈ പ്രവർത്തി ശർമിളയ്ക്ക് വലിയയൊരു ആശ്വാസം ആയിരിക്കുകയാണ്. താരത്തിന്റെ ഈ നല്ല പ്രവർത്തിയെ അഭിനന്ദിച്ച് ഒരുപാട് പേർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.


Posted

in

by