‘ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാണ്..’ – കാക്കിപ്പട ടീസർ പുറത്തിറങ്ങി

ഇന്നത്തെ സിനിമയിൽ മുതിർന്ന സൂപ്പർസ്റ്റാറുകളുടെ പേരുകൾ പറയുകയും, റെഫറൻസ് കാണിക്കുകയും ചെയ്യുന്നത് പ്രേക്ഷകർ കണ്ടിട്ടുണ്ടാവാം. മോഹൻലാലിന്റേയും മമ്മൂട്ടിയുടെ പഴയ സിനിമ ഡയലോഗുകളോ ആക്ഷനോ അല്ലെങ്കിൽ ഇവരുടെ പേരോ ഒക്കെ ചിലർ മനപൂർവം അവരുടെ സിനിമകളിൽ പറയാറുണ്ട്. വളരെ കുറച്ച് സിനിമകളിൽ മാത്രമേ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉപയോഗിക്കാറുള്ളു.

പാർട്ടിയുടെ പേരും നേതാക്കളുടെ പേരുമൊക്കെ മിക്കപ്പോഴും മാറ്റിയാണ് സിനിമകളിൽ കാണിക്കാറുള്ളത്. എങ്കിൽ ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയുന്ന ഒരു പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ഷെബി ചൗഘട് സംവിധാനം ചെയ്ത പുറത്തിറങ്ങുന്ന ‘കാക്കിപ്പട’ എന്ന സിനിമയുടെ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

കേരള പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന സിനിമയാണ് കാക്കിപ്പട. ടീസറിൽ പിണറായി വിജയന്റെ പേര് പറയുന്ന ഒരു രംഗം കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. “ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസ് അല്ല, പിണറായി വിജയനാണ്.. പണിയും പോകും അഴി എണ്ണേണ്ടി വരും..”, എന്ന ഡയലോഗാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ഇത് കൂടാതെ വിവാദമായേക്കാവുന്ന ഒരു രംഗം കൂടി ടീസറിലുണ്ട്.

ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഷെബി ചൗഘട്ടും ഷെജി വലിയകതും ചേർന്നാണ് തിരക്കഥ എഴുതിരിക്കുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പനി ശരത്ത്, സുജിത് ശങ്കർ, ചന്തുനാഥ്, ആരാധിക, കുട്ടി അഖിൽ, ഷിബുലാബാൻ തുടങ്ങിയ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. എസ്.വി പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ ഷെജി വലിയകതാണ് നിർമ്മാണം.


Posted

in

,

by

Tags: