‘മഹേഷും മാരുതിയും പക്കാ ഫീൽ ഗുഡ് മൂവി!! ഈ വർഷത്തെ ആദ്യ ഹിറ്റ് അടിച്ച് ആസിഫ് അലി..’ – റിവ്യൂ വായിക്കാം

13 വർഷങ്ങൾക്ക് ശേഷം ആസിഫ് അലിയും മംത മോഹൻദാസും വീണ്ടും ഒന്നിച്ച മഹേഷും മാരുതിയും തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തിന് ശേഷം സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും ഒരു പക്കാ ഫാമിലി ഫീൽ ഗുഡ് മൂവിയാണെന്ന് സിനിമ കണ്ട പ്രേക്ഷകർ വിലയിരുത്തി കഴിഞ്ഞു. ഈ വർഷത്തെ ആസിഫ് അലിയുടെ ആദ്യ ഹിറ്റും ഈ സിനിമയിലൂടെ ലഭിച്ചിരിക്കുകയാണ്.

മഹേഷായി ആസിഫും ഗൗരിയായി മംതയും അഭിനയിക്കുമ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രം പിന്നീടുളളത് 1984 മോഡൽ ഒരു മാരുതി 800 കാറാണ്. യുവ വ്യവസായിയായ മഹേഷ് എന്ന ചെറുപ്പക്കാരനെ ആദരിക്കുന്ന ഒരു ചടങ്ങോടെയാണ് സിനിമ തുടങ്ങുന്നത്. തന്റെ വിജയരഹസ്യം മുന്നിലിരിക്കുന്ന ആളുകളോട് പറയുന്ന പോലെയാണ് മഹേഷ് താനും മാരുതിയും ഗൗരിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നത്.

പിന്നീട് സ്കൂൾ കാലഘട്ടം മുതലുള്ള സംഭവങ്ങൾ സിനിമയിൽ കാണിച്ചു തുടങ്ങുന്നു. മഹേഷും ഗൗരിയും സ്കൂളിൽ സഹപാഠികളാണ്. ഇവരുടെ നാട്ടിൽ കാറുള്ള ഏക വീട് ഗൗരിയുടേത് ആണ്. ഗൗരി എന്നും സ്കൂളിലേക്ക് വരുന്നത് ആ കാറിലാണ്. അങ്ങനെ ഇരിക്കുമ്പോൾ മഹേഷ് ആ കാർ ഇഷ്ടപ്പെട്ട് തൊടാൻ ചെന്നപ്പോൾ അതിന്റെ ഡ്രൈവർ ദേഷ്യപ്പെട്ടു. അന്ന് മുതൽ ഒരു കാർ സ്വന്തമാക്കണമെന്നുള്ള മോഹം ഉറച്ചു.

ആ സമയത്താണ് ഡൽഹിയിൽ ജോലി ചെയ്തിരുന്ന മഹേഷിന്റെ അച്ഛൻ ഒരു കാറുമായി വീട്ടിലേക്ക് എത്തുന്നത്. ആ കാർ എങ്ങനെ കിട്ടിയെന്നും സിനിമയിൽ കാണിക്കുന്നുണ്ട്. കാറുള്ള വീട്ടിൽ നിന്ന് വരുന്ന കുട്ടിയെന്നായപ്പോൾ മഹേഷിനെയും ആളുകൾ ശ്രദ്ധിക്കാനും തുടങ്ങി. പക്ഷേ അച്ഛന്റെ വേർപ്പാടും കൂട്ടുകാരിയായ ഗൗരി സ്ഥലം മാറി പോവുകയും ചെയ്തതോടെ മഹേഷിന്റെ ജീവിതവും മാറിമറിഞ്ഞു. ഒരു ലക്ഷ്യബോധമില്ലാത്ത ഒരാളാണ് മഹേഷ് വളർന്നു. മഹേഷിന്റെ വിന്റജ് കാർ സ്വന്തമാക്കാൻ പലരും ശ്രമിച്ചെങ്കിലും മഹേഷ് അത് വിട്ടുകൊടുത്തില്ല.

വർഷങ്ങൾക്ക് ശേഷം ഗൗരി തിരിച്ചെത്തി. കാറുമായി ബന്ധപ്പെട്ട പല വിഷയങ്ങൾ പ്രശ്നങ്ങളും നടക്കുകയും ചെയ്തു. പിന്നീട് മാരുതി വേണോ ഗൗരി വേണോ എന്ന സന്ദർഭങ്ങൾ വരെയുണ്ടാവുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. ആസിഫിന്റെയും അനായാസമായുള്ള അഭിനയ ശൈലി തന്നെയാണ് സിനിമയെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. മംതയുടെയും മികച്ച പ്രകടനമായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചിട്ടും ഇരുവരും തമ്മിലുളള കോമ്പിനേഷൻ മികച്ചതായിരുന്നു.

മണിയൻപിള്ള രാജു, വിജയ് ബാബു, കുഞ്ചൻ, ചന്തുനാഥ്, വരുൺ ധാര, ഇടവേള ബാബു, റോണി രാജ്, ജയകൃഷ്ണൻ എന്നിവരാണ് സിനിമയിൽ അഭിനയിച്ച മറ്റ് പ്രധാന താരങ്ങൾ. വാഹന പ്രേമികൾക്കും നൊസ്റ്റാൾജിയ ഇഷ്ടപ്പെടുന്നവർക്കും ഫാമിലിയായി വന്നു കാണാൻ കഴിയുന്ന ഒരു ചിത്രമാണ് ഇത്. ആസിഫ് അലിയുടെ ഫീൽ ഗുഡ് സിനിമകളുടെ പട്ടികയിലേക്ക് മഹേഷും മാരുതിയും കൂടി ഇടംപിടിച്ചിരിക്കുകയാണ്.