ഈ കഴിഞ്ഞ ദിവസമാണ് സംവിധായകനായ ജൂഡ് ആന്തണി നടൻ ആന്റണി വർഗീസിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി നിർമ്മാതാവിന്റെ കൈയിൽ നിന്ന് അഡ്വാൻസ് പൈസ വാങ്ങിയ ശേഷം പെങ്ങളുടെ കല്യാണം നടത്തിയെന്നും പിന്നീട് സിനിമ തുടങ്ങാൻ പതിനെട്ട് ദിവസം ബാക്കി നിൽക്കെ അതിൽ നിന്ന് പിന്മാറിയെന്നും ജൂഡ് ഒരു അഭിമുഖത്തിൽ ആരോപിച്ചത്.
ആരോപണങ്ങൾ വന്നതോടെ സോഷ്യൽ മീഡിയയിൽ ആന്റണി പെപ്പെയുടെ അക്കൗണ്ടിൽ രൂക്ഷമായ വിമർശനങ്ങളും ചതിയൻ എന്ന വിളിപ്പേരും ആളുകൾ മുദ്രകുത്തി. പെപ്പെയുടെ അക്കൗണ്ടുകളിൽ മാത്രമല്ല ഭാര്യയുടെ അക്കൗണ്ടിലും വിമർശനങ്ങൾ വന്നു. ഇപ്പോഴിതാ ആരോപണങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ആന്റണി. തന്റെ കുടംബത്തിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് ആന്റണി പറഞ്ഞു.
“എന്റെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യയ്ക്കും ഒക്കെ ഒരുപാട് വിഷമമായി. അവർക്ക് ഒരു ചടങ്ങളിൽ പങ്കെടുക്കാൻ നാട്ടിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയും വേറെയൊരാളെ പറ്റിച്ച് പെണുങ്ങളുടെ കല്യാണം നടത്തിയെന്നുമൊക്കെ പറഞ്ഞ് പരിഹാസങ്ങൾ വന്നു. ഇൻസ്റ്റാഗ്രാമിലോക്കെ വളരെ മോശമായ മെസ്സേജുകൾ വരുന്നുണ്ട്. അത് കണ്ടാൽ നമ്മുക്ക് സഹിക്കാൻ പറ്റില്ല. എന്നെ സ്നേഹിക്കുന്ന ആളുകൾക്ക് ഒരു വ്യക്തത വരുത്തേണ്ട കാര്യം എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത്.
എന്റെ അമ്മയ്ക്ക് ഭയങ്കര വിഷമമായി പോയി. എന്റെ അമ്മയും അപ്പനുമൊക്കെ സ്വന്തം മകളുടെ കല്യാണം അവളുടെ ചെറുപ്പം മുതൽക്കേ കൂട്ടിവച്ച പൈസയും അവര് സമ്പാദിച്ച പൈസയും പിന്നെ ഞാൻ സിനിമയിൽ നിന്നുണ്ടാക്കിയ പൈസയും വച്ചിട്ടാണ് അവളുടെ കല്യാണം നടത്തിയത്. അവർക്ക് ആളുകളെ ഫേസ് ചെയ്യാൻ പറ്റുന്നില്ല. 27 ജനുവരി 2020-ലാണ് ഞാൻ നിർമ്മാതാവിൽ നിന്ന് പൈസ വാങ്ങിയത്. ആ ഡേറ്റ് നിങ്ങൾ കുറിച്ചുവച്ചോ! ഇതാണ് ബാങ്കിന്റെ സ്റ്റേറ്റ്മെന്റ്. ഇതിന്റെ കോപ്പി ഞാൻ എല്ലാവർക്കും തരാം.
എന്റെ പെങ്ങളുടെ കല്യാണം നടന്നത് 2021 ജനുവരി 18-നായിരുന്നു. ഇത് തമ്മിൽ എത്ര നാളത്തെ വ്യത്യാസമുണ്ട്. ഒരു വർഷത്തെ വ്യത്യാസമുണ്ട്. ജൂഡ് ഏട്ടന്റെ പൈസ കൊടുത്ത് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ആലോചന പോലും വന്നത്. ഞാൻ ടൈം ട്രാവൽ ചെയ്തുപോയിട്ട് പൈസയും വാങ്ങിച്ച് കല്യാണം നടത്തിയോ? എന്റെ കുടുംബത്തെ ബാധിച്ച ഒരു വിഷയമായത് കൊണ്ടാണ് ഞാൻ ഇപ്പോൾ ഇത് പറയുന്നത് തന്നെ. കാരണം ഇത് ആ സമയത്ത് തന്നെ ഒത്തുതീർപ്പാക്കിയ ഒരു വിഷയമാണ്.
പിന്നെ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പുറത്ത് ഇത് പറയേണ്ട കാര്യം എന്താണെന്ന് എനിക്ക് അറിയില്ല. 2018 ഞാൻ കുടുംബസമേതം തിയേറ്ററിൽ പോയി കണ്ട സിനിമയാണ്. നല്ല സിനിമയാണ്. വലിയ ഹിറ്റായി മാറികൊണ്ടിരിക്കുന്ന സിനിമയാണ്. വിജയം ആഘോഷിക്കുന്ന സമയത്ത് മറ്റൊരാളുടെ ജീവിതം മോശമായി ചിത്രീകരിക്കാനും തകർക്കാനും ശ്രമിക്കുന്നത് എന്ത് പ്രവണതയാണ്. ലിജോ അവസരം നൽകിയില്ലെങ്കിൽ ഞാൻ ഇല്ലെന്ന് പറഞ്ഞു. ഈ ലോകത്ത് ആരെങ്കിലും അവസരം നൽകാതെ ആർക്കെങ്കിലും എന്തേലും ആകാൻ പറ്റുമോ?..”, ആന്റണി പെപ്പെ പ്രതികരിച്ചു.